കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ടൂറിസം മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. ടൂറിസം മേഖലയുടെ വളര്‍ച്ച കാര്യക്ഷമമാകണമെങ്കില്‍ ആ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലാമത് സംസ്ഥാനതല വാര്‍ഷിക കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തിയുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിടേണ്ടത്. സംസ്ഥാനത്ത് ഇന്ന് നിലനില്‍ക്കുന്ന ഹോംസ്റ്റേകളിലൂടെ കേരളത്തിന്റെ സാംസ്കാരവും പാരമ്പ്യര്യവും തനിമയും മറ്റു രാജ്യക്കാര്‍ക്ക് മുന്നില്‍ വിളിച്ചോതാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം ഹോംസ്റ്റേകളിലൂടെ ഗ്രാമാന്തരീക്ഷവുമായി ബന്ധപ്പെട്ടുള്ള ടൂറിസമാണ് നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജനമാണ് ഇന്ന് കേരളം നേരിടുന്ന വെല്ലുവിളി. മാലിന്യനിര്‍മാര്‍ജനം സാധിച്ചില്ലെങ്കില്‍ അത് ടൂറിസം മേഖലയ്ക്കും വലിയ തിരിച്ചടിയാകും. മഴവെള്ള സംഭരണികള്‍ പോലുള്ള മാതൃകാപരമായ വഴികളിലൂടെ ഹോംസ്റ്റേകള്‍ മുന്നോട്ടു പോകുന്നത് ഏറെ പ്രശംസനീയമാണ്. ഹോസ്റ്റേകളുടെ പ്രാധാന്യം മനസിലാക്കി ഇവര്‍ക്കുള്ള ഇലക്ട്രിസിറ്റി കണക്ഷന് 7എ-യില്‍ നിന്നും ഒഴിവാക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യപനം ഹോംസ്റ്റേകളുടെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യും.
പാരമ്പര്യേതര ഊര്‍ജ്ജ സംരംക്ഷണം പ്രോത്സാഹിപ്പിച്ച് കുമ്പളങ്ങിയെ സോളാര്‍ ഗ്രാമമാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ കുമ്പളങ്ങിയിലെ റോഡുകളുടെ ഇരു വശവും സോളാര്‍ കൊണ്ടുപയോഗിക്കുന്ന വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അംഗീകരാമില്ലാത്ത ഹോംസ്റ്റേകള്‍ ഈ മേഖലയില്‍ ദോഷകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്. അംഗീകാരമില്ലാത്തവര്ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഹോംസ്റ്റേകള്‍ കരുതലോടെയുള്ള സേവനമാണ് നല്‍കേണ്ടത്. വാണിജ്യ നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതുള്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നിയമ ഭേദഗതി വരുത്തേണ്ടതുണ്ട്. ഹോംസ്റ്റേകളുടെ വളര്‍ച്ചക്കാവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും കൊച്ചി നഗരസയഭയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കേരള ഹട്ട്സ് ചെയര്മാന് പി.എന്‍.പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ.ബി.വിജയകുമാര്‍ എഴുതിയ ഹോംസ്റ്റേ ബിസിനസ് എന്ന പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാന്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി പി.ജയശങ്കര്‍, കേരള ഹട്ട്സ് ഡയറക്ടര്‍ എം.പി.ശിവദത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: