മട്ടാഞ്ചേരി: വഴിയരികില്‍നിന്ന് കിട്ടിയ പണവും സ്വര്‍ണ്ണവും ഉടമയ്ക്ക് തിരികെ നല്കി കണ്ണന് എന്ന മുരളീധരന് മാതൃകയായി. നഷ്ടപ്പെട്ടെന്ന് കരുതിയ ലക്ഷം രൂപയുടെ മുതല്‍ തിരികെ ലഭിച്ച നജീബിനും സെബീനയ്ക്കും ആനന്ദത്തിന്റെ അലയടികള്‍. മട്ടാഞ്ചേരി പോലീസ്സ്റ്റേഷനില്‍ അഭിനന്ദനത്തിന്റെ മറ്റൊരു മുഹൂര്‍ത്ത മണിക്കൂറുകളും.
പാലസ് റോഡിലെ ‘കൃഷ്ണ കഫേ’യിലെ ജീവനക്കാരനായ കണ്ണന് എന്ന് വിളിക്കുന്ന ടി.വി.മുരളീധരനാണ് സത്യസന്ധതയുടെ മാതൃകയായത്. മട്ടാഞ്ചേരി ചക്കാമാടം മങ്ങാട്ടുമുക്കിലെ വഴിയരികില്‍ കിടന്നാണ് കണ്ണന് പഴ്സ് ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോള്‍ പണവും സ്വര്‍ണവും. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പണവും പണ്ടവും പേഴ്സും പോലീസിന് കൈമാറുകയും ചെയ്തു.
ഇതേസമയം മകന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെത്തിയ കപ്പലണ്ടിമുക്ക് മമ്മുസുര്ക്ക പള്ളിപറമ്പില്‍ നജീബും ഭാര്യ സെബീനയും നഷ്ടപ്പെട്ട പണവും സ്വര്‍ണവും തിരക്കി അലയുകയായിരുന്നു. സെബീനയുടെ സ്വര്‍ണം പണയംവെച്ച് ലഭിച്ച 27050 രൂപയും സഹോദരിയുടെ മൂന്ന് പവന് തൂക്കംവരുന്ന രണ്ട് വളകളുമടങ്ങുന്ന പഴ്സാണ് നഷ്ടപ്പെട്ടത്. മറ്റൊരു സ്ഥാപനത്തില്‍ പണയം വെയ്ക്കുന്നതിനായി വാങ്ങിയതായിരുന്നു വളകള്‍. ഫിഷറീസ് ഹാര്‍ബറിലെ തൊഴിലില്ലായ്മമൂലം കടം വാങ്ങിയ 75,000 രൂപ സ്വരൂപിക്കാന്‍ ഓടിനടക്കുന്നതിനിടെയാണ് നജീബിന്റെ കൈയിലെ തുകയും സ്വര്‍ണവും നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ കുടുംബാംഗങ്ങള്‍ നാലുപാടും അന്വേഷണം തുടങ്ങി.
ഇതിനിടെ നജീബ് മട്ടാഞ്ചേരി പോലീസ്സ്റ്റേഷനില്‍ പരാതി നല്കുവാനെത്തിയപ്പോഴാണ് മുരളീധരന് വഴിയരികില്‍നിന്ന് ലഭിച്ച പഴ്സ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച വിവരമറിയുന്നത്. തെളിവുകള്‍ ഹാജരാക്കിയതോടെ നജീബിന്റേതും സെബീനയുടേതുമാണ് ലഭിച്ച തുകയും സ്വര്‍ണവുമെന്ന് പോലീസിന് ഉറപ്പായി. ഉടന്‍ മുരളീധരനെ വിളിച്ചുവരുത്തി ഉടമയെ ബോധിപ്പിക്കുകയും ചെയ്തു. നജീബും കുടുംബവും നല്കിയ പാരിതോഷികം മുരളീധരന് സ്നേഹപൂര്‍വം നിരസിച്ചത് പോലീസിനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആനന്ദത്തിനിടയാക്കി.
പോലീസ്സ്റ്റേഷനില്‍ ഒത്തുകൂടിയവര്‍ക്ക് മുന്നില്‍വെച്ച് അസി. പോലീസ് കമ്മീഷണര്‍ എം.ബിനോയ് മുരളീധരനെ പൂച്ചെണ്ട് നല്കി അഭിനന്ദിച്ചു. സിഐ എ.എം.ജോസ്, എസ്ഐ മനോഹരന് എന്നിവരും മുരളീധരനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: