മരട്: തെരുവ് നായ കടിച്ചതിന് ചികിത്സതേടിയെത്തിയ നെട്ടൂര്‍ സ്വദേശിനിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മരുന്ന് മാഫിയ കൊള്ളയടിച്ചു. പേവിഷബാധക്കെതിരെയുള്ള ‘റാബീസ്’ ഇഞ്ചക്ഷനുള്ള മരുന്നിന്റെ മറവിലാണ് ജനറല്‍ ആശുപത്രിയില്‍ തട്ടിപ്പ് അരങ്ങേറിയത്. ആശുപത്രിയില്‍നിന്നും സൗജന്യമായി നല്‍കേണ്ട ഇനത്തില്‍പ്പെടുന്നതാണ് പേവിഷത്തിനെതിരെയുള്ള കുത്തിവെപ്പ്.
കുത്തിവെപ്പിനായി ആശുപത്രിയില്‍ ലഭ്യമായ മരുന്ന് ഗുണനിലവാരം കുറഞ്ഞതാണെന്നതാണ് വന്‍ വെട്ടിപ്പിന് കളമൊരുക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഇതിന് മുമ്പും സമാനമായ രീതിയില്‍ രോഗികളെ കബളിപ്പിച്ച് പണം തട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. തെരുവ്നായ് കടിച്ച് ആശുപത്രിയിലെത്തുന്നവരെ ഭയപ്പെടുത്തിയും മറ്റും മരുന്നിന്റെ മറവില്‍ ആയിരങ്ങള്‍ തട്ടിയെടുക്കുന്നതായാണ് ആക്ഷേപം. എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.
നെട്ടൂരില്‍ വച്ച് തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് പെരിങ്ങാട്ടുപറമ്പില്‍ അഷറഫ് (56), കണ്ണോത്തുപറമ്പില്‍ പൂമുഖത്ത് സുബൈദ (58) എന്നിവരെയാണ് ഇന്നലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അഷറഫിന് നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയിലാണ് ചികിത്സ നല്‍കിയത്. പേവിഷബാധക്കെതിരെ 372 രൂപ വിലവരുന്ന നാല് ഡോസ് ‘റാബീസ്’ ഇഞ്ചക്ഷനാണ് ഇയാള്‍ക്ക് ഇവിടെ നിര്‍ദ്ദേശിച്ചിരുന്നത്. ഇതേസമയം സുബൈദ എന്ന സ്ത്രീയെ ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് ചികിത്സക്കായി കൊണ്ടുപോയത്.
നായയുടെ കടിയേറ്റ മുറിവുകളും മറ്റും പരിശോധിച്ചശേഷം ഡോക്ടര്‍ ഇഞ്ചക്ഷന് നിര്‍ദ്ദേശിച്ചു. ‘ടെസ്റ്റ് ഡോസ്’ എന്ന പേരില്‍ ആദ്യം ഒരു കുത്തിവെപ്പ് നടത്തിയതായി ഇവരോടൊപ്പം ആശുപത്രിയിലെത്തിയവര്‍ പറയുന്നു. എന്നാല്‍ ഇതേത്തുടര്‍ന്ന് അലര്‍ജിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിലകൂടിയ മരുന്ന് പുറത്തുനിന്നും വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി 24000 രൂപ കെട്ടിവെക്കണമെന്നും ജീവനക്കാരില്‍ ഒരാള്‍ അറിയിച്ചു. കടം വാങ്ങിയും മറ്റും പണം സംഘടിപ്പിച്ച് നല്‍കിയതിനെത്തുടര്‍ന്ന് ഏഴ് മണിക്കൂറിനുശേഷം രാത്രി എട്ട് മണിയോടെയാണ് മരുന്നെത്തിച്ച് കുത്തിവെച്ചത്.
വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരുന്നിന്റെ മറവില്‍ നടത്തിയത് വന്‍ വെട്ടിപ്പാണെന്ന് വെളിപ്പെട്ടത്. ‘കാവ് റാബ്’ എന്ന് പേരുള്ള ‘റാബീസ് ഇമ്യൂണ്‍ ഗ്ലോബുലിന്‍ (ഹ്യൂമണ്‍) ഇപി’ എന്ന മരുന്നാണ് കുത്തിവെപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് കമാഡ എന്ന ഇസ്രേലിയന് കമ്പനി നിര്‍മ്മിച്ചതാണെന്നും, മുംബൈ താനെയിലെ സ്ഥാപനം ഇന്ത്യയില്‍ വിതരണം ചെയ്യുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എംആര്‍പി 6480 എന്നാണ് രണ്ട് മില്ലിക്ക് വിലയായി രേഖപ്പെടുത്തി സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. ഇതുതന്നെ നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്റ്റിക്കറിനകത്ത് യഥാര്‍ത്ഥ വില മാര്‍ക്കര്‍ ഉപയോഗിച്ച് മായിച്ച് കളഞ്ഞ നിലയിലാണ്.
മരുന്നിന്റെ പേരില്‍ ചികിത്സക്കെത്തിയവരെ കൊള്ളയടിച്ചുവെന്ന് മാത്രമല്ല, രാവിലെ 10.30ന് ആശുപത്രിയിലെത്തിച്ച രോഗിക്ക് കുത്തിവെപ്പെടുക്കുന്നത് രാത്രി എട്ടുമണിവരെ വൈകിപ്പിച്ചുവെന്നതും തികഞ്ഞ അനാസ്ഥയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: