ആറുവിധ ദോഷങ്ങളുടെ ത്യാഗവും ശ്രേഷ്ഠമാണ്. എന്നാല്‍ അവയില്‍വച്ച് കാമത്യാഗമെന്നത് സര്‍വ്വോപരി ശ്രേഷ്ഠം. കാമത്യാഗംകൊണ്ടുതന്നെ ദുഃഖസ്വരൂപമായ സംസാരത്തില്‍ നിന്ന് എന്നെന്നേക്കുമായി മുക്തനായിത്തീരുന്നു. കാമമാണ് അജ്ഞാനബീജമായ ദ്വൈതബോധത്തെ നിലനിര്‍ത്തുന്നത്. അതിനാല്‍ കാമത്യാഗംകൊണ്ട് ഭേദബുദ്ധിയും അതില്കൂടെ അജ്ഞാനവും അജ്ഞാനസ്വരൂപമായ സംസാരവും കേവലം നിവര്‍ത്തിച്ച് വൈകല്യത്തെ പ്രാപിക്കുന്നു.
കാമത്യാഗം കൊണ്ടുണ്ടാവുന്ന അത്ഭുതകരമായ സിദ്ധിവൈഭവം വളരെ വലുതാണ്. അത്രയും മഹത്തായനേട്ടം അതുകൊണ്ടുണ്ടാവും. അതിനാല്‍ കഴിയുമെങ്കില്‍ കാമത്തെ ത്യാഗം ചെയ്യുക തന്നെയാണ് വേണ്ടത്.
അനുഭവിച്ച് വിരക്തി വരുമ്പോള്‍ കാമം നശിക്കുമെന്ന് ചിലര്‍ പറയാറുണ്ട്. അത് ശരിയല്ല. അനുഭവിക്കുംതോറും ആഗ്രഹം വര്ധിക്കലല്ലാതെ ഒരിക്കലും ചുരുങ്ങലില്ല. അതാണ് മായയുടെ സ്വഭാവം. അതിനാല്‍ കാമോപഭോഗസാമഗ്രികളെ കേവലം ഉപേക്ഷിക്കുകയും അവയില്‍നിന്ന് ഹഠാല്‍ അകന്നിരിക്കുകയും തന്നെ വേണം, അകന്നിരിക്കുന്നതെന്തിന്, താന്‍ അനുഭവിക്കേണ്ടെന്നുവച്ചാല് പോരെ എന്നാണെങ്കില്‍ അതും പോരാ; അകന്നിരിക്കുകതന്നെവേണം. ഉപഭോഗ പദാര്‍ത്ഥങ്ങളുമായി അടുത്തിരിക്കുമ്പോള്‍ അവയില്‍ ആസക്തിയുണ്ടായിത്തീരുകയെന്നത് സ്വാഭാവികമാണ്. അതിനാല്‍ കാമത്തേയും കാമോപഭോഗപദാര്ത്ഥങ്ങളെയും ഒരുപോലെ ത്യാഗം ചെയ്ത് അവയില്നിന്നകന്നിരിക്കുമ്പോള് മാത്രമേ ത്യാഗം പൂര്ണ്ണമാവൂ.
ചിലത് ചെയ്യാത്തതുകൊണ്ടോ അനുഭവിക്കാത്തതുകൊണ്ടോ കിട്ടാത്തതുകൊണ്ടോ ദുഃഖമുണ്ടാവാതിരിക്കാനും ആ ദുഃഖത്തില്‍ മുഴുകാതിരിക്കാനും ഇടവരാതെ സൂക്ഷിക്കണം. കാമത്യാഗിയായ ഒരാള്‍ക്കങ്ങനെ സംഭവിക്കാനിടവരില്ല. വേണ്ടത്ര കാമത്യാഗം സാധിച്ചിട്ടില്ലെങ്കില്‍ കൂടി ദുഃഖത്തില്‍ മുഴുകാനിടയാകാതെ കഴിക്കണം. സമ്പത്തുണ്ടാകുമ്പോള്‍ അതോടുകൂടി എല്ലാവിധ ദോഷങ്ങളും വന്നുചേരുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍ ദോഷങ്ങളെല്ലാമകന്ന് എല്ലാ ഗുണങ്ങളുമൊത്തുചേര്ന്ന സമ്പന്നന് മാത്രമേ സമ്പത്തുകൊണ്ട് സുഖസമാധാനങ്ങളെ അനുഭവിക്കാന്‍ പറ്റൂ. അതിനാല്‍ ദോഷങ്ങളെ നിലനിര്‍ത്താനല്ല, ഗുണങ്ങളെ വളര്‍ത്താനും സുഖസമാധാനങ്ങളെ അനുഭവിക്കാനുമാണ് സമ്പത്തെന്ന് ധരിക്കണം.
ശ്രീ ശങ്കരാചാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: