കൊച്ചി: മഹാരാജാസ് കോളജിന്റെ പൈതൃക പ്രൗഢി സംരക്ഷിക്കുന്നതിനും അനുബന്ധ വികസനങ്ങള്‍ക്കുമായി പ്രത്യേക പദ്ധതി തയാറാക്കിയതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.
മഹാരാജാസ് കോളജിന്റെ പുനരുദ്ധാരണത്തിനും വികസനത്തിനുമായിട്ടുളള ഈ പദ്ധതിക്ക് ഏകദേശം ഒമ്പത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി കോളേജ് വികസന സമിതിക്ക് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
ആദ്യ ഘട്ടത്തില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും കുടിവെളള വിതരണ യൂണിറ്റുകളുടെ നിര്‍മാണം, കോളേജിലെ പ്രധാന വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിക്കും. ക്ലാസ് മുറികളും ഓഫീസ് മുറികളും പെയിന്റ് ചെയ്യുന്നതിനും പ്രധാന മുറികളില്‍ ടെയില്‍സ് ഇടുന്നതിനുമായി 1.20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മതിലിന്റെ പുനരുദ്ധാരണത്തിനും ഗേറ്റ്, പൈതൃക തനിമ നിലനിര്‍ത്തുന്ന കെട്ടിടങ്ങളുടെ നവീകരണം തുടങ്ങിയവയ്ക്ക് 35 ലക്ഷം രൂപയുമാണ് ചെലവഴിക്കുക.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വിശ്രമ മുറികള്‍, വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം, പൊതുവായി ഉപയോഗിക്കാവുന്ന കോമണ്‍ ഫെസിലിറ്റി സെന്റര്‍, കോളജ് വികസന സമിതിക്കും പിടിഎക്കും പ്രത്യേക മുറികള്‍, സ്പോര്‍ട്ട്സ് സ്റ്റോര്‍ ഷെഡ്, എന്‍എസ്എസ് റൂം, കോളജ് സ്റ്റാഫിന് പ്രത്യേക സൗകര്യങ്ങളോടെയുളള റൂം തുടുങ്ങിയ കാര്യങ്ങള്‍ക്കായി 1.5 കോടി രൂപയാണ് പദ്ധതിയില്‍ വകയിരുത്തുക. പുതിയതായി 12 ക്ലാസ് മുറികളും അതിലേക്കുളള ഫര്‍ണീച്ചറുകളും നിര്‍മിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിന് ഒരു കോടി രൂപ നീക്കിവെക്കും.
കേരളത്തിലെ ആദ്യ സിന്തറ്റിക് ട്രാക്കോടെയുളള ഗ്രൗണ്ടായ മഹാരാജാസ് ഗ്രൗണ്ടിന്റെ നവീകരണവും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് പുനരുദ്ധാരണത്തിനും വോളിബോളിനും ബാസ്കറ്റ് ബോളിനും പ്രത്യേക കോര്‍ട്ട് നിര്‍മിക്കുന്നതിനുമായി 30 ലക്ഷം രൂപയും കോളേജ് ഓഡിറ്റോറിയത്തിന്റെ നവീകരണത്തിനും മറ്റു ജോലികള്‍ക്കുമായി 75 ലക്ഷം രൂപയുമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്.
കോളേജിലെ മൊത്തം വയറിംഗുകളും പദ്ധതിയിലൂടെ പുനരുദ്ധരിക്കുന്നതിനു ലക്ഷ്യമിടുന്നുണ്ട്. ജനറേറ്ററിന്റെ സഹായത്തോടെയുളള പ്രധാന കേബിള്‍ ജോലികളും ആധുനിക രീതിയിലുളള വഴിവിളക്കുകള്‍ക്കും ലൈറ്റിംഗിനുമായി 1.25 കോടിയും ചെലവഴിക്കും.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സെമിനാറുകള്‍ അവതരിപ്പിക്കുന്നതിനും സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി നിലവിലുളള സെമിനാര്‍ ഹാള്‍ മിനി തീയറ്ററാക്കി ഉയര്‍ത്തും. അത്യാധുനിക പ്രോജക്ടര്‍ സിസ്റ്റം, ശബ്ദ, വെളിച്ച സൗകര്യം, എസി തുടങ്ങിയ പ്രത്യേകതളോടെയായിരിക്കും മിനി തീയറ്റര്‍ ഒരുക്കുക. ഇതിനായി 50 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
പദ്ധതി തയാറാക്കുന്നതിന് മുമ്പായി കോളേജ് വികസന സമിതിയുടെ നേതൃത്വത്തില്‍ വിശദമായ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പ്രൊഫ:കെ.വി.തോമസ്, വയലാര്‍ രവി, ഹൈബി ഈഡന് എംഎല്‍എ, പിഡബ്ലിയുഡി, കെഎസ്ഇബി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കു ശേഷമാണ് പഴക്കം ചെന്ന കേരളത്തിലെ മികച്ച കോളേജുകളിലൊന്നായ മഹാരാജാസിന്റെ സംരംക്ഷണത്തിന് പദ്ധതി തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: