ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ദീപശിഖയേന്തിയതില്‍ അഭിമാനമുണ്ടെന്നു ബോളിവുഡ് താരം അമിതാഭ് ബച്ചന്. ലണ്ടനിലെത്തിയ മറ്റു രാജ്യങ്ങളിലെ കായിക താരങ്ങള്‍ തന്നെ തിരിച്ചറിയില്ലെങ്കിലും കൈയിലേന്തിയ ദീപശിഖയുടെ പ്രാധാന്യം ലോകത്തിനു മുഴുവന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ദീപശിഖയേന്തിയതില്‍ വളരെ സന്തോഷമുണ്ട്. ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിംപിക്സ് ദീപശിഖയേന്തുന്ന ബച്ചനെ കാണാന്‍ നൂറു കണക്കിന് ആരാധകര്‍ സൗത്ത് വാര്‍ക്കില്‍ തടിച്ചുകൂടിയിരുന്നു. വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ എതിരേറ്റത്.
അതേസമയം അമിതാഭ് ബച്ചനെതിരേ പ്രതിഷേധവുമായി വടക്കു കിഴക്കന്‍ ലണ്ടനിലെ സിഖ് സമൂഹം രംഗത്തെത്തി. സൗത്ത് വാര്‍ക്കില്‍ ദീപശിഖയുമായി ഓടിയ ബച്ചനു നേരെ “”കൊലയാളിയായ നിങ്ങളെ തുറന്നു കാട്ടുമെന്ന് ” ഒരു സംഘം സിക്കുകാര്‍ വിളിച്ചു പറഞ്ഞു. പിന്നീടു സിഖ് 24 വെബ്സൈറ്റ് പുറത്തുവിട്ട ഫോട്ടൊയില് ബച്ചന് മ്ലാനവദനനായാണു ദീപശിഖയേന്തിയതെന്ന് അവകാശപ്പെട്ടു.
1984ലെ ദല്‍ഹി സിഖ് കൂട്ടക്കൊലയില്‍ ആരോപണവിധേയനായിരുന്നു ബച്ചന്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം ദൂര്‍ദര്‍ശനിലൂടെ സിഖുകാരെ കൊല്ലാന്‍ ബച്ചന് പ്രേരിപ്പിച്ചെന്നാണ് ആരോപണം. സിഖുകാര്‍ കൊലപ്പെടുത്തിയതു ഇന്ദിരയെയല്ല, രാഷ്ട്ര മാതാവിനെയാണെന്നു ബച്ചന് പറഞ്ഞുവെന്നും വിമര്‍ശകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: