കൊട്ടാരക്കര: ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം കൂടിയ ട്രാഫിക് അവലോകന സമിതിയോഗം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കൊണ്ടും ഇനി മുതല്‍ പ്രസംഗമില്ല, പ്രവൃത്തി മാത്രം എന്ന ഉറച്ച തീരുമാനം കൊണ്ടും ശ്രദ്ധേയമായപ്പോള്‍ പങ്കെടുത്തവരും ജനങ്ങളും പറയുന്നത് കാത്തിരുന്ന് കാണാമെന്നാണ്.
മുന്‍കാല അനുഭവങ്ങള്‍ കൊണ്ടാണ് തങ്ങള്‍ ഇത് പറയുന്നതെന്ന് ആവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കും തള്ളിക്കളയാനാകില്ല. എംസി റോഡില്‍ കൂടി കടന്നുവരുന്ന വാഹനങ്ങളേയും മറ്റും നിരീക്ഷിക്കാന്‍ പുലമണില്‍ വാച്ച്ടവര്‍, കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ഓവര്‍ ബ്രിഡ്ജോ അണ്ടര്‍പാസേജോ നിര്‍മ്മിക്കുക, ഓട്ടോകളുടെ പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ശുപാര്‍ശ, മാലിന്യം നീക്കം ചെയ്യാന്‍ പദ്ധതി, പാര്‍ക്കിംഗ് ഏരിയാ, അനധികൃതമായ ഫുട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കുക, ടൗണിലെ അനാവശ്യ ഫ്ലക്സ് ബോര്‍ഡുകള്‍ മാറ്റുക, ഓടകള്‍ക്ക് മൂടി തുടങ്ങി വിവിധ പദ്ധതികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. സമിതി നടത്തുന്ന പരിഷ്ക്കാരങ്ങളില്‍ അനാവശ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടപെടില്ലെന്ന് ഉറപ്പുകൂടി നല്‍കിയതോടെ പ്രവര്‍ത്തിച്ച് കാണിക്കേണ്ട ചുമതല സമിതിയുടെ മുന്നില്‍ വെല്ലുവിളിയായി നിലനില്‍ക്കുകയാണ്.
യോഗം ഉദ്ഘാടനം ചെയ്ത എംഎല്‍എ 2007ല്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി. ടൗണിലെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെറും പരസ്യബോര്‍ഡുകള്‍ മാത്രമായതായി കുറ്റപ്പെടുത്തി. കടയുടെ സാമഗ്രികള്‍ ഫുട്പാത്തിലേക്ക് ഇറക്കിയിട്ടിരിക്കുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ സംവിധാനമില്ല തുടങ്ങി നിരവധി പരാതികള്‍ ഉന്നയിച്ചു. ഏത് കാര്യം നടപ്പാക്കുന്നതിലും പൂര്‍ണ പിന്തുണ നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു എംഎല്‍എയുടെ പരാതി. തുടര്‍ന്ന് സംസാരിച്ച ഡിവൈഎസ്പി ആന്റോ പോലീസിന്റെ എണ്ണത്തിലെ കുറവ് ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പറഞ്ഞു. പുലമണ്‍ മുതല്‍ റെയില്വേസ്റ്റേഷന് വരെ ഓട്ടോറിക്ഷാ സ്റ്റാന്റ് രൂപപ്പെട്ടതോടെ കാല്‍നട പോലും അസാധ്യമാക്കുന്നതായി പരാതി ഉയര്‍ന്നു.
ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് നിജപ്പെടുത്തണമെന്നും ഓട്ടോറിക്ഷാ പ്രതിനിധികള്‍ തന്നെ ആവശ്യപ്പെട്ടു. ഓട്ടോകളുടെ പെട്ടെന്നുള്ള വെട്ടിത്തിരിക്കല്‍ മൂലം അപകടങ്ങള്‍ ഏറുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പു തീരുമാനിച്ചു.
എസ്ഐ ബെന്നിലാലു, ഉദ്യോഗസ്ഥര്‍, തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി, മോഹന്‍കുമാര്‍, എം.എം. ഇസ്മയില്‍, എസ്.ആര്. രമേശ്, കല്യാണി സന്തോഷ്, സുരേന്ദ്രന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, റസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: