നമ്മുടെ കൊച്ചു കേരളം സംസ്കാര സമ്പന്നമാണെന്നാണ് പൊതുവെ പറയാറ്. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും സമ്പന്നമായ ഒരു ജനതയാണ് മലയാളികളെന്ന വാദം വളരെ നാളുകളായി കേട്ടുകൊണ്ടിരിക്കുന്നു. സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ നമ്മള്‍ ഭാരതത്തിലെ മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് മുന്നിലാണെന്ന തെല്ലഹങ്കാരവും മലയാളിക്കുണ്ട്. മലയാളികളും ബംഗാളികളും ബുദ്ധിയുള്ളവരാണെന്ന് ഒരു സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം തമിഴനായ കഥാപാത്രത്തോട് വെല്ലുവിളി നടത്തുന്നതാണ് ഓര്‍മ്മയിലെത്തുന്നത്. ഇന്നസെന്റിന്റെ ആ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ തീയറ്ററിനുള്ളില്‍ പക്ഷേ, ചിരിയാണുയരുന്നത്.
സംസ്കാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജനത അതുമായി ബന്ധപ്പെട്ട ജീവിത ശൈലിയിലും മുന്നില്‍ തന്നെയാകണം. നല്ല സംസ്കാരമുള്ളവരാണെന്നത് തെളിയിക്കപ്പെടുന്നത് അങ്ങനെയാണല്ലോ. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്കാരബോധത്തിനും സാംസ്കാരിക ജീവിതത്തിനും ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടാന്‍ തരത്തിലുള്ള ജീവിക്കുന്ന തെളിവുകള്‍ ഇല്ല. സാംസ്കാരികമായി ഉന്നതിയിലുള്ളവരാണെന്നു പറയുമ്പോള്‍ തന്നെ, അക്രമങ്ങളുടെ കാര്യത്തിലും സ്ത്രീപിഡനങ്ങളിലും കൊലപാതകങ്ങളിലും മറ്റുസാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറെ മുന്നിലാണ് മലയാളികള്‍ എന്ന സത്യം കാണാതിരിക്കാനാവുന്നില്ല. അപ്പോള്‍ സംസ്കാരത്തിന്റെ പേരില്‍ ഊറ്റം കൊള്ളാന്‍ മലയാളിക്ക് എത്രത്തോളം അര്‍ഹതയുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല സംസ്കാരമുള്ളവര്‍ എന്ന് ഒരു സമൂഹത്തിന് സ്ഥാനം നല്‍കുന്നത് ഏതൊക്കെ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നതും നിര്‍വ്വചിക്കേണ്ടതുണ്ട്.
സമൂഹത്തിന്റെ മൊത്തത്തിലുള്ള ജീവിത ശൈലിയെ പരിഗണിച്ചാകണം അവരുടെ സാംസ്കാരിക ബോധത്തെ നിരീക്ഷിക്കേണ്ടതെന്നതാണ് പൊതുവെയുള്ള അഭിപ്രായം. ഭാഷയും ജീവിതവും കലയുമെല്ലാം അതിന്റെ ഭാഗമായി വരുന്നു. സമൂഹത്തിന്റെ ഉന്നതി അവരുടെ സാംസ്കാരികാവബോധത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും ആശ്രയിച്ചാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അപ്പോഴാണ് സംസ്കാരത്തെ നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാരുകള്‍ക്കു കൂടുതല്‍ പ്രസക്തിയുണ്ടാകുന്നത്. ഭരിക്കുന്ന സര്‍ക്കാരുകളുടെ നയങ്ങളും പ്രവൃത്തികളും ജനതയുടെ മൊത്തത്തിലുള്ള ജീവിതത്തെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഭരണതലത്തില്‍ സാംസ്കാരിക വകുപ്പ് നമ്മുടെ കേരളത്തിലും പ്രത്യേകമായി ഉണ്ട്. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും അവബോധവുമുള്ളവരെയാണ് സാംസ്കാരിക വകുപ്പിന്റെ ചുമതലകള്‍ ഏല്‍പിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് സംശയമാണ്.
നമ്മുടെ പല സാംസ്കാരിക മന്ത്രിമാരും സാംസ്കാരിക വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം ‘സാഹിത്യകാരന്മാരും കലാപ്രവര്‍ത്തകരു’മാകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്.
കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയും രണ്ടാം ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പു നടത്തുകയും ചെയ്യുകയാണിപ്പോള്‍. കേരളത്തിനൊരു സാംസ്കാരിക നയം ആവശ്യമാണെന്ന തോന്നലുണ്ടായപ്പോള്‍ കുറെ രാഷ്‌ട്രീയക്കാരെയും പേരിനൊരു സാഹിത്യകാരനെയും ഉള്‍പ്പെടുത്തി കമ്മറ്റിയുണ്ടാക്കുകയും അവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ ശിരസാവഹിച്ച് സാംസ്കാരിക നയം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആ നയത്തിന്റെ അടിസ്ഥാനത്തിലുള്ളൊരു സാംസ്കാരിക ജീവിതം മലയാളിക്ക് നിര്‍ദ്ദേശിക്കുകയാകും സര്‍ക്കാര്‍ ചെയ്യുന്നത്. പി.ടി.തോമസ് എംപി ചെയര്‍മാനും എം.എല്‍.എമാരായ പാലോട് രവി, അബ്ദുള്‍സമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സി.പി.മുഹമ്മദ് എന്നിവരും പ്രമുഖ സാഹിത്യകാരന്‍ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍.തമ്പാന്‍ എന്നിവരും അംഗങ്ങളുമായ സമിതിയാണ് സാംസ്കാരിക നയം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
മലയാള പഠനത്തില്‍ താല്‍പര്യമുള്ള വിദേശികള്‍ക്കായി സ്കോളര്‍ഷിപ്പും ഫെലോഷിപ്പും ഏര്‍പ്പെടുത്തണമെന്നതാണ് സാംസ്കാരിക നയ കരടു രേഖയിലെ പ്രധാനനിര്‍ദേശം. വിദേശ എഴുത്തുകാരെയും ഭാഷാപണ്ഡിതരെയും ആകര്‍ഷിച്ചു മലയാളം പഠിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും അതുവഴി മലയാള രചനകള്‍ അവരുടെ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കാന്‍ സംവിധാനം ഉണ്ടാക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്. സാംസ്കാരിക വകുപ്പ് വിവിധ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഇതിനുള്ള പദ്ധതി ആവിഷ്കരിക്കണമെന്നും കരടു രേഖ നിര്‍ദേശിക്കുന്നു. ആരെ മലയാളം പഠിപ്പിക്കാനാണ് പദ്ധതിയെന്ന് കാത്തിരുന്നു കാണാം.
സാംസ്കാരിക പൈതൃകത്തെ പുഷ്ടിപ്പെടുത്തുന്ന കളരികളും ഗുരുകുലങ്ങളും സംരക്ഷിക്കണമെന്നതും വിദഗ്ധരെ ഉള്‍പ്പെടുത്തി ഇരുപത്തഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ള സാംസ്കാരികോപദേശ കൗണ്‍സില്‍ രൂപീകരിക്കണമെന്നതും നിര്‍ദ്ദേശമാണ്. അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യണം. പ്രീപ്രൈമറി, പ്രൈമറിതല അധ്യാപകര്‍ക്കു കൈപ്പുസ്തകമായി ഉപയോഗിക്കാന്‍ സാംസ്കാരിക പാഠങ്ങള്‍ ലഭ്യമാക്കണം. കേരള കലാമണ്ഡലത്തെ സര്‍വകലാശാലയായി വികസിപ്പിക്കണം. നാശോന്മുഖമായ കലാസാംസ്കാരിക രൂപങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ സംസ്ഥാന ഡോക്കുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാടോടി ഗോത്രകലകളെപ്പറ്റി സമഗ്ര സര്‍വേ നടത്തണമെന്നതും വ്യത്യസ്ത കലാരൂപങ്ങളുടെ പഠനത്തിനു കേന്ദ്രം സ്ഥാപിക്കണമെന്നതും നിര്‍ദ്ദേശങ്ങളുടെ ഭാഗമാണ്.
വിദേശികളെ മലയാളം പഠിപ്പിക്കുന്നത് നല്ലതു തന്നെ. മലയാള നാടിനെയും നമ്മുടെ പൈതൃകത്തെയും മനസ്സിലാക്കാന്‍ അവര്‍ക്കത് ഉപകരിക്കും. എന്നാല്‍ മലയാളം മറന്നു പോകുന്ന മലയാളികളുടെ വലിയ സമൂഹം ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത കാണാതിരിക്കുന്നത് അപകടകരമാണ്. സഞ്ചരിക്കുന്ന വീടാണ് മാതൃഭാഷ എന്ന് പറയാറുണ്ട്. മലയാളിയെ സംബന്ധിച്ച് ഇതു വളരെ കൃത്യമാണ്. മലയാളി കേരളം വിടുമ്പോള്‍ അവന്‍ ചെല്ലുന്നിടത്തേക്ക് ഒപ്പം കൊണ്ടുപോകുന്നത് മലയാളത്തിന്റെ അമ്പത്താറക്ഷരങ്ങളാണ്. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്ന മലയാളി വല്ലവിധേനയും ഇരുപത്താറക്ഷരങ്ങളുടെ ഇംഗ്ലീഷ് വശമാക്കി കേരളം വിടാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഒഴിഞ്ഞുപോകാന്‍ തോന്നുന്ന സ്ഥലമാണ് കേരളം. എന്നാല്‍ അന്യനാട്ടിലെത്തിയാല്‍ മലയാളത്തെ ഓര്‍ക്കുന്നു; മറക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുന്നു. ജീവിത ശൈലികൊണ്ട് വിദേശത്ത് ഒരു കേരളം തന്നെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഓണാഘോഷം ഇന്ന് ഉള്ളില്‍ത്തട്ടി നടക്കുന്നത് വിദേശങ്ങളിലാണ്. കേരളത്തില്‍ ഓണം മുറപോലെ നടക്കുന്നൊരു സര്‍ക്കാര്‍ കാര്യമായി മാറി. വിദേശത്തു ജീവിക്കുന്ന മലയാളി പഴയ മലയാളം പാട്ടുകളുടെ ആരാധകനാകുന്നു. അവന്റെ ഏതു സംസാരത്തിലും ഗൃഹാതുരത്വം കടന്നു വരുന്നു.
വിദേശിയെ മലയാളം പഠിപ്പിക്കുന്നത് നല്ലതു തന്നെ. അതോടൊപ്പം മലയാളത്തെ മറക്കാനും ആട്ടിപ്പായിക്കാനും ശ്രമിക്കുന്ന കേരളത്തില്‍ വസിക്കുന്നവരുടെ ‘മലയാള വിദ്വേഷം’ മാറ്റാനുള്ള പദ്ധതികൂടി സാസ്കാരിക നയത്തില്‍ ഉണ്ടാകേണ്ടതായിരുന്നു.
സാംസ്കാരിക സ്ഥാപനങ്ങളെ ഉപദേശിക്കാന്‍ 25 പേരെങ്കിലുമുള്ള പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന നയത്തിലെ നിര്‍ദ്ദേശം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും ഉള്‍പ്പെടെയുള്ള കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്വയംഭരണാവകാശമുള്ള കേന്ദ്രങ്ങളാണ്. അവരുടെ സ്വയംഭരണാവകാശത്തെ ഹനിക്കാതെയാകും ഉപദേശക സമിതി പ്രവര്‍ത്തിക്കുക എന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശങ്ങളാകും ഇവിടങ്ങളില്‍ നടപ്പിലാക്കുക എന്നത് ആര്‍ക്കാണറിയാത്തത്. അവരുടെ അതിരു കവിഞ്ഞ ഇടപെടലുകള്‍ അക്കാദമികളുമായി നിരന്തര സമരത്തിനും വഴിവയ്‌ക്കും. സാംസ്കാരിക നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് രാഷ്‌ട്രീയക്കാരുടെ സംഘത്തെയാണ്. അതേ സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കുമ്പോള്‍ എന്താകും ചെയ്യുകയെന്ന് ഊഹിക്കാവുന്നതേയുള്ളു. സര്‍ക്കാരിലും ഭരിക്കുന്ന പാര്‍ട്ടികളിലും പ്രധാന സ്ഥാനങ്ങളില്‍ സ്ഥാനം കിട്ടാത്തവര്‍ക്ക് കസേരകൊടുക്കാനുള്ള വേദിയായി സാംസ്കാരികോപദേശക കൗണ്‍സില്‍ മാറുമെന്നതില്‍ തര്‍ക്കമില്ല.
സാംസ്കാരിക നയത്തില്‍ വേറെയും നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. ഓഡിറ്റോറിയങ്ങള്‍, ഓപ്പണ്‍എയര്‍ തീയറ്റര്‍, പ്രദര്‍ശനശാലകള്‍, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങിയവയും സ്ഥാപിക്കുമെന്നതും മറ്റുമാണത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു.
നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനുള്ളിലേക്ക് ഇടപെടല്‍ ആവശ്യമില്ലെന്നുമല്ല ഈ പറഞ്ഞതിന്റെ പൊരുള്‍. എന്നാല്‍ കാലങ്ങളായുള്ള അനുഭവത്തിന്റെ വെളിച്ചത്തിലുള്ള അനുമാനങ്ങളാണുന്നയിച്ചത്. നമുക്കൊരു സാംസ്കാരിക നയം ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ, അതു മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് കരുത്തു നല്‍കാന്‍ പര്യാപ്തമായതാകണം. അപ്പോള്‍ മാത്രമേ സാംസ്കാരികമായി കരുത്തു നേടിയ ജനതയുണ്ടാകുകയുള്ളു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതു സാധ്യമാകുമെന്നു തോന്നുന്നില്ല.
ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: