കൊല്ലം: കാഷ്യൂ കോര്പ്പറേഷന് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യുഡിഎഫ് സംഘടനകള്‍. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിനെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളി ഐക്യട്രേഡ് യൂണിയന് സമിതി രംഗത്തു വന്നിരിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും പ്രസ്താവനകളും നല്കി യുഡിഎഫിനെ കരിവാരിത്തേക്കാനാണ് ചെയര്‍മാന്റെ ശ്രമമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വകുപ്പ്തല അന്വേഷണത്തില്‍ അഴിമതി പുറത്തു വന്നപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ അസത്യ പ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധാരണ വരുത്തുന്നത് ജാള്യത മൂലമാണെന്ന് അവര്‍ പറഞ്ഞു. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, യുടിയുസി എന്നീ യൂണിയനുകളുടെ പ്രതിനിധികളുമായി ശക്തമായ ഭരണം നടത്തുമെന്ന് ചെയര്മാന് പരസ്യത്തിലൂടെ പറയുന്നത് ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ ബോര്‍ഡില്‍ അംഗമായ എസ്ടിയുവിന്റെ പ്രതിനിധിയെ പരസ്യങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഒഴിവാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
ശക്തമായ ഇന്റേണല്‍ ഓഡിറ്റും സമര്‍ത്ഥനായ സിഎക്കാരനുമുണ്ടെന്ന് പറയുന്നവര്‍ എന്തുകൊണ്ട് 28 കോടി 76 ലക്ഷം രൂപ കാണാനില്ലെന്ന ആരോപണത്തിന് വിശദീകരണം നല്‍കുന്നില്ലെന്ന് അവര്‍ ചോദിച്ചു. ഈ തുകയെപ്പറ്റിയുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന ചെയര്‍മാന്റെയും എംഡിയുടെയും പ്രസ്താവന കുറ്റസമ്മതമാണ്. വകമാറ്റി ചെലവഴിച്ചതാണെന്ന അഭിപ്രായം മുഖവിലയ്ക്കെടുത്താലും എന്ത് ചെലവഴിച്ചെന്നും എങ്ങനെ ചെലവഴിച്ചെന്നുമുള്ള വിശദീകരണം മാനേജ്മെന്റിന് നല്കാന് കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ എഴുകോണ്‍ സത്യന്, കെ.ആര്.വി. സഹജന്, പി. സദാനന്ദന്, അഡ്വ. സഞ്ജീവ് സോമരാജന്, കുരീപ്പുഴ ഷാനവാസ്, ചെക്കാലയില്‍ നാസര്‍, അഡ്വ. കല്ലട പി. കുഞ്ഞുമോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: