ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി രാജാപര്‍വേസ് അഷ്റഫിന് വീണ്ടും സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരന്വേഷിക്കുന്നതിന് സ്വിസ് ബാങ്കിന് കത്തയക്കുന്നതിന് അഷ്റഫിന് കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. ഈ കാലയളവിനുള്ളില്‍ അഴിമതിക്കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കേസ് വീണ്ടും ഓഗസ്റ്റ് എട്ടിന് പരിഗണിക്കും.
സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ കൂടുതല്‍ സാവകാശം തേടുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഗൗരവപരമായ പരിശ്രമങ്ങള്‍ നടത്തുകയാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. രണ്ടുപദവികളും തമ്മില്‍ വിടവ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അസിഫ് ഖോസയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
രാജ്യത്തെയോ അതിന്റെ ജനാധിപത്യ സമ്പ്രദായത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും തങ്ങള്‍ എടുക്കില്ലെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ഈദുള്ഫിത്തര്വരെ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കോടതി അപേക്ഷ തള്ളി.
അഴിമതിക്കേസില്‍ പുനരന്വേഷണം നടത്തുന്നതിന് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതുവാന്‍ കോടതി ഇന്നലെ വരെയാണ് പ്രധാനമന്ത്രി രാജാപര്‍വേസ് അഷ്റഫിന് സമയം നല്‍കിയിരുന്നത്. എന്നാല്‍ കത്തെഴുതുന്ന കാര്യത്തില്‍ പാക് സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താന്‍ വിമുഖത കാണിച്ചതിനാണ് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയത്. 1990 കളില്‍ ഭാര്യ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരിക്കെ സര്‍ദാരി നടത്തിയ അഴിമതികളാണ് ഇപ്പോള്‍ സര്‍ക്കാരിനെ വേട്ടയാടുന്നത്. വിവിധ കമ്പനികളില്‍നിന്ന് ഇക്കാലയളവില്‍ സര്‍ദാരി 12 കോടി ഡോളര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം.
2009 മുതല്‍ സര്‍ദാരിക്കെതിരായ അഴിമതിക്കേസില്‍ പുനരന്വേഷണം നടത്തുമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശം പരിഗണിക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്യുന്നത്.
അതേസമയം മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിക്ക് ഉണ്ടായ അവസ്ഥ പുതിയ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന് ഉണ്ടാകില്ലെന്നാണ് നിരീക്ഷികര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ഉന്നത ഭരണാധികാരികളെ കോടതിയലക്ഷ്യംപോലുള്ള നടപടികളില്‍നിന്നും സംരക്ഷിക്കുന്ന നിയമം അടുത്തിടെ പാക് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു കോടതിയലക്ഷ്യ നടപടി കൂടി ഉണ്ടാകില്ലെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ സര്‍ദാരി വിഷയത്തില്‍ പാക് സുപ്രീംകോടതിയും സര്‍ക്കാരും വലിയ ഏറ്റുമുട്ടലിലേക്ക് തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: