ന്യൂദല്‍ഹി: മാരുതി സുസുക്കി മനേസര്‍ പ്ലാന്റ് സംഘര്‍ഷത്തില്‍ ജാതീയ അവഹേളനത്തിന് പങ്കില്ലെന്ന് അന്വേഷണ സംഘം. തൊഴിലാളിയെ ജാതീയമായി ആക്ഷേപിച്ചതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആക്ഷേപിച്ചെന്ന് ആരോപണം നേരിടുന്ന സൂപ്പര്‍വൈസറും ദളിത് വിഭാഗക്കാരനായിരുന്നതിനാല്‍ ഇതിന് സാധ്യതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തൊഴില്‍ തര്‍ക്കം തന്നെയാണ് കാരണമെന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നല്‍കുന്ന മൊഴി വ്യക്തമാക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സൂപ്പര്‍വൈസര്‍ സംഗ്രാംസിംഗിനെ തൊഴിലാളി ജിയലാല്‍ തല്ലിയതാണ് സംഘര്‍ഷത്തിനും എച്ച്‌ആര്‍ മാനേജര്‍ അവിനാഷ് കുമാറിന്റെ കൊലപാതകത്തിനും കാരണമായത്. ജാതീയമായി ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ഇതെന്നായിരുന്നു ആരോപണം. എന്നാല്‍ ഏപ്രില്‍ 18 ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിലെ ആവശ്യങ്ങള്‍ പരിഹരിക്കാത്തതിലുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് വഴിതെളിച്ചതെന്ന് പോലീസ് പറഞ്ഞു.
വേതനം വര്‍ധിപ്പിക്കണമെന്നും മറ്റ് അലവന്‍സുകള്‍ ഉയര്‍ത്തണമെന്നും ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളേയും പ്ലാന്റിലെ സ്ഥിരം തൊഴിലാളികളായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നിരവധി ചര്‍ച്ചകള്‍ ഇതിന്റെ പേരില്‍ നടന്നിരുന്നു.
മനേസര്‍ പ്ലാന്റ് സംഘര്‍ഷത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഇടയ്‌ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കമ്പനി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: