കൊച്ചി: കര്‍ള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സ്വാതി കൃഷ്ണയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം കൈമാറി. രാവിലെ 8.10-ഓടെ അമൃത ആശുപത്രിയിലെത്തിയ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് സ്വാതിയുടെ അഛന് കൃഷ്ണന്‍കുട്ടിക്ക് ധനസഹായത്തിന്റെ ചെക്ക് കൈമാറുകയായിരുന്നു. സ്വാതിയുടെ അമ്മ രാജി ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മന്ത്രി സഭായോഗത്തിലാണ് മഞ്ഞപ്പിത്തം ബാധിച്ച് കരള്‍മാറ്റ ശസത്രക്രിയക്ക് വിധേയയാകേണ്ടിവന്ന സ്വാതി കൃഷ്ണയ്ക്ക് ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വാതിയെ ചികിത്സയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനാല്‍ മന്ത്രിക്ക് നേരില്‍ കാണാനായില്ല. സ്വാതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് ആരോഗ്യനിലയെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. സ്വാതിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ മന്ത്രിയെ അറിയിച്ചു. സ്വാതിയെ ഉടന്‍ വാര്‍ഡിലേക്ക് മാറ്റാനാവുമെന്നും അവര്‍ പറഞ്ഞു.
ധനസഹായം നല്കിയ ശേഷം സ്വാതി കൃഷ്ണയ്ക്ക് കരള്‍ പകുത്ത് നല്കിയ ഇളയമ്മ റെയ്നിയെ മന്ത്രി അനൂപ് ജേക്കബ് സന്ദര്‍ശിച്ചു. ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ എല്ലാ വിധ സഹായങ്ങളും ഭാവിയിലും ഉണ്ടാകുമെന്നറിയിച്ചു.
ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയകുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: