കൊച്ചി: സംസ്ഥാനത്തെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുകയും ലൈംഗിക അതിക്രമം തടയുന്നതിനുമായി സാമൂഹ്യക്ഷേമ വകുപ്പിന്റേ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെ നിര്‍ദ്ദേശാനുസരണം നിര്‍മിതി കേന്ദ്രം ഇതിനായുള്ള പ്രാരംഭ റിപ്പോര്‍ട്ട് സമര്‍പിച്ചു കഴിഞ്ഞു.
2.89 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പുനരധിവാസ സമുച്ചയ പദ്ധതിയില്‍ പീഡനത്തിനിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടേയും ഉന്നമനത്തിനുതകുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിനോട് ചേര്‍ന്നാണ് പുനരധിവാസ കേന്ദ്രം ഒരുക്കുക.
മൂന്ന് ബെഡ്ഡുകള്‍ വീതമുള്ള 15 അറ്റാച്ച്ഡ് മുറികള്‍ കേന്ദ്രത്തിലൊരുക്കും. റിസപ്ഷന് റൂം, ഓഫീസ്, പ്രത്യേക മെഡിക്കല്‍ റൂം, കൗണ്‍സലിംഗ് സംവിധാനം, ലൈബ്രറി സൗകര്യം, ധ്യാനത്തിനും വിനോദത്തിനും യോഗയ്ക്കുമുള്ള സൗകര്യം, അന്തേവാസികള്‍ക്കായി പ്രത്യേക പരിശീലന കേന്ദ്രം തുടങ്ങിയ കാര്യങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണ് പുനരധിവാസ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സൗകര്യങ്ങളോടെയുമുള്ള ആധുനിക അടുക്കളയും കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. നിര്‍മിതി കേന്ദ്രയ്ക്കായിരിക്കും നിര്‍മാണ ചുമതല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി സാമൂഹ്യക്ഷേമ വകുപ്പ് ആവിഷ്കരിച്ചതാണ് നിര്‍ഭയ പദ്ധതി. സാമൂഹ്യക്ഷേമ വകുപ്പിന് പുറമെ പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, തദ്ദേശസ്വയംഭരണം, നിയമം, പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമം തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പീഡനത്തിനിരയാകുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി നിര്‍ഭയ കേന്ദ്രം ആരംഭിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് കൊച്ചിയില്‍ പുനരധിവാസ കേന്ദ്രമൊരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. എറണാകുളത്തിന് പുറമെ സംസ്ഥാനത്ത് നാലിടത്ത് കൂടി പുനരധിവാസ കേന്ദ്രം തുറക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂര്‍ണ സുരക്ഷിതത്വബോധം ഉണ്ടാക്കുംവിധമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുകയാണ് നിര്‍ഭയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: