കൊച്ചി: കടലാസുകളില്‍ നിന്നും വിവിധ രൂപങ്ങള്‍ വിരിയിക്കുന്ന ജാപ്പനീസ് കരകൗശല വിദ്യയായ ഒറിഗാമി കാക്കനാട് ബോസ്റ്റല്‍ സ്കൂളിലെ അന്തേവാസികള്‍ക്ക് കൗതുകമായി. സദ്ഗുണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തും ജില്ല സാക്ഷരത മിഷനും ചേര്‍ന്നാണ് ബോസ്റ്റല്‍ സ്കൂളില്‍ ഒറിഗാമി ശില്‍പ്പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയും സ്കൂളിലെ അന്തേവാസികള്‍ക്കൊപ്പം ശില്‍പ്പശാലയില്‍ പങ്കെടുത്തു.
കടലാസുകള്‍ വലിച്ചെറിയാനുള്ളതല്ലെന്നും കലാരൂപങ്ങള്‍ക്കും മറ്റനേകം ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. കടലാസും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യങ്ങള്‍ നാടിന് വെല്ലുവിളിയാകുമ്പോള്‍ പുനരുപയോഗത്തിന് മാര്‍ഗം തേടേത് അനിവാര്യമാണ്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ ഒഴിവാക്കി കടലാസ് കളിപ്പാട്ടങ്ങളിലേക്ക് തിരിയേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഡയറ്റിലെ ലൈബ്രേറിയന്‍ കാലടി. എസ്. മുരളീധരന് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്കി. സാക്ഷരതാ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ കെ.വി. രതീഷ്, ബോസ്റ്റല്‍ സ്കൂള്‍ സൂപ്രണ്ട് കെ. അനില്‍കുമാര്‍, ജില്ലാ ജയില്‍ സൂപ്രണ്ട് കെ. സുനില്‍കുമാര്‍, ജില്ലാ സാക്ഷരത സമിതി അംഗം ജയിംസ് പാറക്കാട്ടില്, ജെ. ലോറന്‍സ്, കെ.എം. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.
പരിശീലനത്തിലൂടെ കൈവരിച്ച മികവ് കടലാസിലേക്ക് പകര്‍ന്ന ബോസ്റ്റല്‍ സ്കൂള്‍ അന്തേവാസികള്‍ നിമിഷങ്ങള്‍ കൊണ്ട് കൊട്ടാരം മുതല്‍ ചെറുജീവികള്‍ വരെ നിരവധി രൂപങ്ങളാണ് മെനഞ്ഞെടുത്തത്. കടലാസുകള്‍ മുറിക്കാതെയും ഒട്ടിക്കാതെയും വിവിധ തരത്തില്‍ മടക്കി ത്രിമാന രൂപങ്ങളുണ്ടാക്കുന്നതാണ് ഒറിഗാമി എന്ന ജാപ്പനീസ് കല. ഏകാഗ്രതയ്ക്കും ഓര്‍മശക്തിയ്ക്കും ഇത് ഏറെ പ്രയോജനകരമാണെന്ന് കാലടി എസ്. മുരളീധരന് പറഞ്ഞു.
സദ്ഗുണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഐ.എം.ജിയിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ ബോസ്റ്റല്‍ സ്കൂളില്‍ എല്ലാ ആഴ്ചയും ക്ലാസുകളെടുക്കുന്നുണ്ട്. സംഗീതം, സിനിമ, മാജിക് എന്നിവ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളും സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ കെ.വി. രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: