മരട്: ക്ഷേത്രക്കുളത്തില്‍ മരട് സ്വദേശിയായ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനുപിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ഇന്നലെ രാവിലെയാണ് തൃപ്പൂണിത്തുറ പാവംകുളങ്ങര ക്ഷേത്രത്തിനടുത്തെ കുളത്തില്‍ മരട് ഇഞ്ചക്കല്‍ കുട്ടത്തറപാടത്ത് കെ.ജി.സുമേഷ് (32)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനെത്തിയവര്‍ മൃതദേഹം കണ്ടതിനെതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തിയാണ് മേല്‍ നടപടികള്‍ സ്വീകരിച്ചത്. ക്ഷേത്രകുളത്തിനു സമീപം റോഡില്‍ രക്തക്കറ കാണപ്പെട്ടതും, മരിച്ച സുമേഷ് ധരിച്ചിരുന്ന സ്വര്‍ണമാലയും മറ്റും നഷ്ടപ്പെട്ടതുമാണ് മരണകാരണത്തിനുപിന്നില് ദുരൂഹതയുണ്ടെന്ന സംശയത്തിന് ഇടയാക്കിയത്. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് സര്‍ജനാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ഗോകുല്‍ദാസ്, ഇന്ദിര ദമ്പതികളുടെ മകനാണ് മരിച്ച സുമേഷ്. ഭാര്യ ജയ. മക്കള്‍: അരുണ്‍ദേവ്, അമല്‍ദേവ്, ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ നെട്ടൂരിലെ ശാന്തിവനത്തില്‍ സംസ്കരിച്ചു.
രണ്ടുദിവസം മുമ്പാണ് സുമേഷിനെ വീട്ടില്‍ നിന്നും കാണാതായതെന്ന് ബന്ധുക്കള്‍ പോലീസിനോടു വെളിപ്പെടുത്തി. കടബാധ്യത തീര്‍ക്കാനായി പണം ആവശ്യപ്പെട്ട് ചീലരെ സമീപിച്ചിരുന്നതായി സൂചനയുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബെയില്‍ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. മൃതശരീരം ക്ഷേത്രക്കുളത്തില്‍നിന്നും പുറത്തെടുക്കുന്ന സമയം വരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായി സൂചനയുണ്ട്. അതിനുശേഷം മൊബെയില്‍ ഓഫായ നിലയിലാണ്.
മരണത്തില്‍ ദുരൂഹതയുള്ളതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്ററുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാം. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: