ഇസ്ലാമാബാദ്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് അവസാന നാളുകളില്‍ എന്തിനാണ്, എങ്ങനെയാണ് അബോട്ടാബാദില്‍ താമസിച്ചിരുന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ‘ഡോണ്‍’ ആണ് അവരുടെ എഡിറ്റോറിയലില്‍ ഇത്തരത്തില്‍ എഴുതിയിരിക്കുന്നത്. ലാദന് അവസാന നാളുകളില്‍ താമസിച്ചിരുന്ന അബോട്ടാബാദിലെ വസതി അടുത്തിടെ പാക് സര്‍ക്കാര്‍ തകര്‍ത്തിരുന്നു. ഈ വസതി നിലനിന്നിരുന്ന സ്ഥലം സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിലാണ് പാക് അധികൃതര്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒസാമയുടെ വസതി പാക് സൈനികര്‍ തകര്‍ത്തത്. ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിന് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ രഹസ്യനീക്കങ്ങളുടെ ഭാഗമായി കാണേണ്ട ഇതിനെ അധികൃതര്‍ നിസ്സാരവല്ക്കരിച്ചുവെന്നും ആക്ഷേപമുണ്ട്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും അമ്പരപ്പുളവാക്കുന്ന സംഭവമായിരുന്നു ഇതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
അബോട്ടാബാദിലെ സംഭവത്തില്‍ പാക്കിസ്ഥാനുള്ള പങ്കിനെക്കുറിച്ച് പൊതുവായ സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പാക് അധികൃതര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പത്രം പറയുന്നത്.
അബോട്ടാബാദിലെ വസതി തകര്‍ക്കുന്നതിനെക്കുറിച്ച് പാക് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ലാദന് അവസാനനാളുകളില്‍ അബോട്ടാബാദില്‍ ജീവിച്ചിരുന്നത് എന്തിനാണെന്നും എങ്ങനെയാണ് എന്നതിനെക്കുറിച്ചും അന്വേഷിക്കാന്‍ പാക് അന്വേഷണ സംഘം മിടുക്ക് കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. ലാദന് മരിച്ച് ഒരു കൊല്ലം പിന്നിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിട്ടില്ലെന്നും എങ്ങനെ ലാദന് ഇവിടെ വന്നുവെന്നും ലാദനെ കൊലപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യത്തിന് ഒരു വഴി തെളിഞ്ഞു കിട്ടിയെന്നതിനെക്കുറിച്ചും അന്വേഷിച്ചിട്ടില്ലെന്നും പത്രം പറയുന്നു.
അബോട്ടാബാദ് സംഭവം, പാക്കിസ്ഥാന്റെ ചരിത്രത്തിലെ സുരക്ഷാ പാളിച്ചയും നയതന്ത്ര പാളിച്ചയുമാണെന്നും പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: