ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിനു സമീപം നടന്ന ബോംബ് സ്ഫോടന പരമ്പരയില്‍ 20 പേര് കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ മഹ്മൂദിയ നഗരത്തിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു ആദ്യ സ്ഫോടനം നടന്നത്. ഇവിടെ 11 പേര് മരിക്കുകയും 38 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവ സ്ഥലത്തേക്കു പോലീസ് വാഹനമെത്തിച്ചേര്ന്നപ്പോള് രണ്ടാമത്തെ കാര്‍ പൊട്ടിത്തെറിച്ചു. ടൗണ്‍ പോലീസ് സ്റ്റേഷനു സമീപമായിരുന്നു അടുത്ത സ്ഫോടനം. മൂന്നു കാര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി പേര് പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മദിയാനിലെ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെടുകയും 14 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നജാഫിലെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു നാലുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: