പെരുമ്പാവൂര്‍: ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ പരിശോധന ശക്തമായി തുടരുമ്പോള്‍ പെരുമ്പാവൂര്‍ നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രംയാതൊരു അനക്കവുമില്ലെന്ന് ആക്ഷേപമുയരുന്നു. ഇവിടെയുള്ള ചില ഹോട്ടലുടമകളുടെ സ്വാര്‍ത്ഥതാത്പര്യം സംരക്ഷിക്കുന്നതിനായിട്ടാണ് ഇവര്‍ പരിശോധന നടത്താത്തതെന്നും ആക്ഷേപമുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷണശാലകളും, പ്ലൈവുഡ് കമ്പനികളും വ്യത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാണിച്ച് പൂട്ടിക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് നഗരത്തിനുള്ളില്‍ ഒത്തുകളി നടത്തുന്നത്.
ഒരു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ 6 അംഗ ഉദ്യോഗസ്ഥ സംഘമാണ് പെരുമ്പാവൂരില്‍ ആരോഗ്യവകുപ്പിലുള്ളത്. നഗരസഭയുടെ തന്നെ പ്രദേശമായ പാലക്കാട്ടുതാഴത്ത് 2 ഹോട്ടലുകള്‍ മലയിടം തുരുത്തിലെ ഉദ്യോഗസ്ഥര്‍ പൂട്ടിക്കുകയും, വേങ്ങൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വല്ലത്ത് പരിശോധന നടത്തുകയും ചെയ്തു. ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ കണക്കില്‍ 160 ഓളം ഹോട്ടലുകളാണ് പെരുമ്പാവൂര്‍ നഗരത്തിലുള്ളത്. ഇതില്‍ പലയിടങ്ങളിലും വൃത്തിഹീനമായ ചുറ്റുപാടുകളും, അന്യസംസ്ഥാന തൊഴിലാളികളുടെ അധിക്യവും കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കാലടിക്കവലയിലുള്ള ഒരു ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൂട്ടിയ ഈ ഹോട്ടല്‍ ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പരിശോധന നടത്തിയതായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അവകാശപ്പെടുന്നെങ്കിലും എത്ര സ്ഥലത്ത് പരിശോധന നടത്തിയെന്നോ, നടപടിയെടുത്തത് എത്രയെന്നോ മാധ്യമങ്ങളോട് പോലും പറയുവാന്‍ ഇവര്‍ തയ്യാറാകുന്നില്ല. എന്നാല്‍ നഗരസഭയില്‍ സ്വാധീനമുള്ളവരുടെ സ്ഥാപനങ്ങളും ഇക്കൂട്ടത്തില്‍ ഉള്ളതുകൊണ്ടാണ് ആരോഗ്യവകുപ്പ് പരിശോധന നടത്താത്തതെന്നും പറയുന്നു. ആറ് ഉദ്യോഗസ്ഥരില്‍ ഒരൊരുത്തര് ദിവസേന 5 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയാല്‍ ഇത്തരം മലിനീകരണ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താനാകുമെന്നും ചെറുകിട ഹോട്ടലുടമകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം കാളച്ചന്തക്ക് സമീപം മഞ്ഞപ്പിത്തം ബാധിച്ച് അവശനിലയില്‍ കിടന്ന ഒരുതൊഴിലാളിയെ പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസം ശക്തമായ പനിയെതുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സനിഷേധിച്ചതും, കുറുപ്പംപടി സ്വദേശിയായ 85 വയസ്സുള്ള ഒരു വൃദ്ധന് അപകടത്തില്‍ പരിക്ക് പറ്റിയിട്ട് ഇതുവരെ താലൂക്ക് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചില്ലെന്നതും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് ജനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: