അല്പ്പദിവസങ്ങള്ക്കുമുമ്പ് ഒരു ഫോണ്‍കോള്‍ വന്നപ്പോള്‍ അത് സാധാരണ വിളിക്കാറുള്ള മുന്‍ പ്രചാരകന് ഗോപാലകൃഷ്ണന്റെതാണെന്ന് മനസ്സിലാക്കാന്‍ സമയം വേണ്ടിവന്നില്ല. തൊടുപുഴയില്‍ ആധാരമെഴുത്തുമായിക്കഴിയുന്ന അദ്ദേഹം ഒരു പുതിയ പുസ്തകം കാണാനിടയായാലോ വാങ്ങിയാലോ വിവരം പറയുകയും അതിന്റെ വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ട്. അദ്വാനിജിയുടെ ബ്ലോഗുകള്‍ സമാഹരിച്ചു രൂപാ ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ച അട ക ലെല കേ എന്ന പുസ്തകം താന്‍ വായിക്കുന്നതിനുമുമ്പ്, അതു വാങ്ങിയ ഉടന്‍തന്നെ എനിക്ക് കൊണ്ടുതന്നശേഷമേ വായിച്ചുള്ളൂ. വായനക്കാര്യത്തില്‍ വളരെ തല്പ്പരനാണുതാനും. ഹിന്ദു ഇക്കണോമിയെന്ന എം.ജി.ബൊക്കാറയുടെ പ്രശസ്ത ഗവേഷണ ഗ്രന്ഥം അന്വേഷിച്ചു നടപ്പാണിപ്പോള്‍. ദീനദയാല്‍ജിയുടെ സാമ്പത്തിക ചിന്തകളെപ്പറ്റി ദല്‍ഹിയിലെ സുരുചി സാഹിത്യം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകം എന്റെ കൈയില്‍ നിന്നും കൊണ്ടുപോയി.
രാഷ്ട്രമീമാംസ, രാഷ്ട്രീയം, മതം, ആദ്ധ്യാത്മികം, സാഹിത്യം, കവിത, പുരാണങ്ങള്‍, വേദാന്തം, തന്ത്രശാസ്ത്രം തുടങ്ങി ഏതു വിഷയവും വായിച്ചു ദഹിപ്പിക്കാന്‍ കഴിവുള്ള ആളാണ് ഗോപാലകൃഷ്ണന്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയായിരുന്ന ഇളയമകള്‍ ശ്യാമകൃഷ്ണ രോഗനിര്‍ണയത്തിലെ പിഴവുമൂലം മരിക്കാനിടയായതിനാല്‍ വ്യക്തിപരമായി അതീവ ദുഃഖിതനായി കഴിയുകയായിരുന്നു. രോഗനിര്‍ണയം ചെയ്തപ്പോള്‍ ഏതു വിദഗ്ദ്ധ ചികിത്സയ്ക്കും രക്ഷിക്കാനാവാത്ത വിധം ഗുരുതരാവസ്ഥയിലെത്തുകയും അനിവാര്യമായത് സംഭവിക്കുകയും ചെയ്തു. കണക്കൊഴികെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ശ്യാമ കൃഷ്ണ പ്ലസ് വണ്‍ പരീക്ഷയില്‍ ജയിച്ച വിവരം ഇതെഴുതുമ്പോള്‍ അറിഞ്ഞു. ഇംഗ്ലീഷിനും സംസ്കൃതത്തിനും 100 ശതമാനവും. ഏറ്റവും പ്രിയപ്പെട്ടവരെ ദൈവം ആദ്യം വിളിക്കുമെന്ന് പറഞ്ഞതുപോലെയായി സ്ഥിതി. അദ്ദേഹത്തേയും കുടുംബത്തേയും കാണാന്‍ പോയപ്പോള്‍ തൊടുപുഴയിലെ മാത്രമല്ല പുറമെനിന്നുള്ള വമ്പിച്ച ജനസഞ്ചയം ജാതി, മത, കക്ഷി, ഭേദമെന്യേ അവിടെ സഞ്ചയിച്ചതായിക്കണ്ടു. മനസ്സന്തുലനം വിടാതെ ഗോപാലകൃഷ്ണന് എല്ലാവരുമായി സംസാരിക്കുന്നുണ്ടായിരുന്നു.
അതിനുശേഷം കാണാന്‍ വന്നത് അങ്ങാടിപ്പുറത്തിനടുത്ത് മാലാപ്പറമ്പില്‍ രാമസിംഹന് ആരാധിച്ചിരുന്ന നരസിംഹ ക്ഷേത്രദര്‍ശനം കഴിഞ്ഞു പ്രസാദവുമായിട്ടായിരുന്നു. ആ വരവില്‍ ഒരിക്കല്‍ക്കൂടി താന്‍ മുമ്പ് സംഘപ്രവര്‍ത്തനത്തിന് പ്രചാരകനായി പോയ ആസ്സാം സന്ദര്‍ശിക്കാനുള്ള ആഗ്രഹത്തെപ്പറ്റി പറഞ്ഞിരുന്നു. ജൂലൈ മാസത്തില്‍ പോകാനാണുദ്ദേശമെന്നറിയിച്ചു. ആസാമിലെ ബ്രഹ്മപുത്രാ താഴ്വര മുഴുവന്‍ കടുത്ത പ്രളയത്തില്‍പ്പെട്ടു കിടക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും ചാനലുകള്‍ നല്കിക്കൊണ്ടിരുന്ന വിവരം അറിയിച്ചപ്പോള്‍ ആ വെള്ളം കുറെ കണ്ടതാണ് എന്ന മട്ടിലാണ് സംസാരിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സംഘപ്രചാരകന്മാരെ അയയ്ക്കുന്ന പതിവ് തുടങ്ങിയപ്പോള്‍ അതിന് തയ്യാറായ ആദ്യകാല സ്വയം സേവകരില്‍ അദ്ദേഹമുണ്ട്. ഇന്ന് പ്രാന്തപ്രചാരകരായും വനവാസിമേഖലയിലും കേരളത്തില്‍നിന്നുള്ളവര്‍ അവിടെ സുപരിചിതരാണല്ലൊ.
ഗോപാലകൃഷ്ണന് വിളിച്ചത് ഗൗഹാട്ടിയില്നിന്നാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷവും വിസ്മയവുമുണ്ടായി. ഏതാണ്ട് 20 വര്ഷത്തിനുശേഷമാണദ്ദേഹമവിടെ പോകുന്നത്. രണ്ടുദശകങ്ങളില്‍ തലമുറകള്‍ മറിഞ്ഞുകഴിയും. ഭൂപ്രകൃതിയിലും പരിതസ്ഥിതിയിലും മാറ്റങ്ങള്‍ വരും. പഴയ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിക്കും. ഗൗഹാട്ടിയിലെ പ്രാന്തകാര്യാലയത്തില്‍നിന്ന് വിളിച്ചപ്പോള്‍ താന്‍ അവിടെ പ്രചാരകനായി അരനൂറ്റാണ്ടിനപ്പുറത്തെത്തിയ മധുകര്‍ റാവു ലിമയേയുടെ അടുത്താണെന്നും അദ്ദേഹത്തിന് എന്നോട് സംസാരിക്കണമെന്നും പറഞ്ഞു. പ്രായാധിക്യവും അനാരോഗ്യവും മൂലം തികഞ്ഞ വിശ്രമത്തിലാണദ്ദേഹം.
ഞങ്ങള്‍ 1959 ല്‍ ഒരുമിച്ച് നാഗപ്പൂരില്‍ തൃതീയ വര്ഷശിക്ഷണം കഴിഞ്ഞവരാണ്. ഒരേ ഗണയില്‍ പരേതനായ സി.പി.ജനാര്‍ദ്ദനനും ചെന്നൈയില്‍ നിന്നുവന്ന ടി.ബാലനും പ്രാന്തകാര്യാലയത്തിലെ മോഹന്‍ജിയും എം.എ.സാറും ഞാനും മധുകര്ജിയുമുണ്ടായിരുന്നു. സംഭാഷണത്തില്‍ അദ്ദേഹം എല്ലാവരേയും അന്വേഷിച്ചു. സി.പി.ജനാര്ദ്ദനന് അന്തരിച്ച വിവരമറിയിച്ചു. ബാക്കിയുള്ളവര്‍ അതതു സ്ഥലത്തെ സംഘപ്രവര്‍ത്തനത്തില്‍ കനത്ത പങ്കുവഹിച്ചിരുന്ന വിവരം അദ്ദേഹത്തിന് സന്തോഷകരമായി. മോഹന്‍ജിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകമന്വേഷിച്ചു.
മധുകര്‍ റാവു ലിമയേ മൂന്ന് ബിരുദാനന്തരബിരുദം കഴിഞ്ഞ് പ്രചാരകനായ ആളായിരുന്നു. പൂനെയിലായിരുന്നു വിദ്യാഭ്യാസവും സംഘശാഖാ പ്രവര്‍ത്തനവും. ഹിന്ദി, മറാഠി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകള്‍ ഒരേ പോലെ കൈകാര്യം ചെയ്യാനുള്ള കഴിവും നേടി. പ്രാണായാമവും യോഗാഭ്യാസ മുറകളും പ്രഥമശുശ്രൂഷാദി ചികിത്സാ സൗകര്യങ്ങളും വശമാക്കി. പൂജനീയ ഗുരുജിയുടെ നിര്‍ദ്ദേശാനുസരണം ഉത്തരപൂര്‍വ മേഖല സംഘത്തിന് വേണ്ടി പിടിച്ചടക്കാനുള്ള ദൗത്യവുമായി പുറപ്പെട്ടു. അവിടുത്തെ ജനവിഭാഗങ്ങളേയും കാലാവസ്ഥ, ഭൂപ്രകൃതി മുതലായവയെയും ശരിയായി പഠിച്ചശേഷമാണ് പുറപ്പെട്ടത്. അവിടെയെത്തിയ ശേഷം അവ നേരിട്ടനുഭവ പാഠമാക്കി. ഇന്നത്തേതുപോലെ ഏഴ് സഹോദരിമാരായിരുന്നില്ല വടക്കുകിഴക്കന്‍ മേഖല. അഹൊം(അസമിയ) ആണ് സംസ്ഥാന ഭാഷയെങ്കിലും ഓരോ ജനവിഭാഗത്തിനും ഗോത്രത്തിനും വെവ്വേറെ മൊഴികളുണ്ടെന്ന സത്യം അറിഞ്ഞു. അവ പഠിക്കാന്‍ ശ്രമിച്ചു. തൃതീയ വര്‍ഷയിലെ ഇടവേളകളില്‍ ഈ ഭാഷാ വൈജാത്യങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരാന്‍ മധുകര്‍ജി ഉത്സാഹം കാട്ടി. ഹിന്ദിയില്‍ പറഞ്ഞ കാര്യം തന്നെ ആദ്യം ബംഗാളിയിലും അഹോം ഭാഷയിലും ഗോത്രമൊഴിയിലും പറഞ്ഞു കേള്‍പ്പിക്കുമ്പോള്‍ മഴവില്ലിലെ നിറം മാറുന്നതിന്റെ സ്വാഭാവികത കൂടി അദ്ദേഹം പറഞ്ഞുതന്നു.
തന്റെ യോഗാഭ്യാസ ചാതുര്യവും കാട്ടിത്തരാന്‍ അദ്ദേഹം തയ്യാറായി. മൂക്കില്‍ കൂടി വെള്ളം കുടിക്കുക, മൂക്കില്‍ കൂടി വലിച്ചെടുത്ത വെള്ളം തുപ്പിക്കളയുക, വായിലൂടെ എടുത്തവെള്ളം നാസാദ്വാരങ്ങളിലൂടെ രണ്ടുധാരകളായി പുറത്തുവിടുക തുടങ്ങിയ വിദ്യകളും കാട്ടി.
നര്‍മബോധം തികഞ്ഞ ആളായിരുന്നു മധുകര്‍ജി. 1959 ലായിരുന്നല്ലൊ ദലായ് ലാമായും അനുയായികളും ലാസായില്നിന്ന് ചീനാ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് ഭാരതത്തിലെത്തിയത്. മധുകര്ജിയുടെ കട്ടിച്ചില്ലുള്ള കണ്ണടയും മൊട്ടയടിച്ച തലയും ഏതാണ്ട് ശുഷ്ക്കമായ ശരീരവും കാരണമോ എന്തോ ദലായ്ലാമാ എന്ന പേര് വീണു. മറ്റൊരു സ്വയംസേവകന് പഞ്ചന്‍ ലാമാ എന്നും പേര് വന്നു. ദലായ്ലാമാ എന്ന പരാമര്‍ശം അദ്ദേഹം ആസ്വദിച്ചുവെന്നതാണ് രസകരം. പിന്നീട് പ്രശസ്ത പത്രപ്രവര്‍ത്തകനും രാജ്യസഭാംഗവും അടല്‍ജിയുടെ പ്രസ്താവനകളും മറ്റും തയ്യാറാക്കുന്ന ആളുമായ ദീനനാഥ മിശ്രയും ഞങ്ങളുടെ ഗണയിലായിരുന്നു. തടിച്ചു വീര്‍ത്ത അദ്ദേഹവും നര്‍മബോധമുള്ള ആളായിരുന്നു. ദീനനാഥജിയാണ് മധുകര്ജിയെ ദലായ്ലാമയാക്കിയതെന്നാണോര്മ. പിന്നീട് പ്രശസ്തരായ മറ്റു ചിലര്‍ കൂടി അതേ ഗണത്തിലുണ്ടായിരുന്നു.
ആ ശിബിരത്തിലെ ഏറ്റവും നല്ല ഗായകനായിരുന്ന ശരദ് ഘുസരേ പ്രചാരകനായി ആസാമിലേക്ക് നിയോഗിക്കപ്പെട്ടു. അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അധ്യാപകനായി അവിടെ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം കന്യാകുമാരിയില്‍ കേരളത്തിലെയും തമിഴ്നാട്ടിലേയും പ്രചാരകന്മാരുടെ ശിബിരം നടന്നപ്പോള്‍, അവിടെ തീര്‍ത്ഥയാത്രക്കെത്തിയ മധുലിമയേയും ശരദ് ഘൂസരേയെയും ഒരിക്കല്‍ കൂടി കാണാനിടയായി. പിന്നീട് അവരെ കാണാന്‍ സാധിച്ചിട്ടില്ല.
ആസാമിലേക്ക് പോയ കേരള പ്രചാരകന്മാരില്നിന്ന് കിട്ടിയ വിവരങ്ങളില്‍ അവരെ സ്മരിക്കാന്‍ അവസരം ലഭിച്ചു. ഇപ്പോഴിതാ തികച്ചും അവിചാരിതമായി പഴയ സൗഹൃദം പുതുക്കാനും മധുകര്ജിയുമായി സംസാരിക്കാനും അവസരം ഉണ്ടായിരിക്കുന്നു. അവരെപ്പോലുള്ളവര്‍ സ്ഥാപിച്ച അടിത്തറ ആസാമിലെയും വടക്കുകിഴക്കന്‍ മേഖലയിലെയും പരിവര്‍ത്തനങ്ങള്‍ക്ക് എത്രമാത്രം ഉതകി എന്ന് ഇന്ന് നാം അറിയുന്നു.
ഗോപാലകൃഷ്ണന് താന്‍ പ്രവര്‍ത്തിച്ച ഇടങ്ങളില്‍ പോയശേഷമേ തിരിച്ചെത്തുകയുള്ളൂ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: