മട്ടാഞ്ചേരി: ആരോഗ്യവിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയതോടെ പശ്ചിമകൊച്ചിയില്‍ പഴകിയ ഹോട്ടല്‍ ഭക്ഷണങ്ങള്‍ കാനകളില്‍ കണ്ടുതുടങ്ങി. കിറ്റുകളിലും പൊതികളിലുമായി മാംസാവശിഷ്ടങ്ങളും മുട്ടയും പൊറോട്ട, ചപ്പാത്തി, എണ്ണയില്‍ വറുത്തവ, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പഴകിയ എണ്ണ തുടങ്ങിയവയാണ് കാനകളിലും വഴിയോരങ്ങളിലെ ചവറുകൂനകളിലും കണ്ടുതുടങ്ങിയത്.
കൊച്ചി നഗരസഭ-സര്‍ക്കാര്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ റെയ്ഡും പരിശോധനയും വ്യാപകമായതോടെയാണ് പശ്ചിമകൊച്ചിയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണഉല്പ്പന്നങ്ങള് വഴിയോരങ്ങളിലെത്തിയത്. ഫോര്‍ട്ടുകൊച്ചി കല്‍വത്തി കനാല്‍, രാമേശ്വരം കനാല്‍, കൂവപ്പാടം, വെളി, ചക്കാമാടം, തോപ്പുംപടി, കരുവേലിപ്പടി, വാല്യുമ്മേല് തുടങ്ങി വിവിധയിടങ്ങളിലാണ് പഴകിയ ഭക്ഷണക്കിറ്റുകള്‍ കണ്ടുതുടങ്ങിയത്. പട്ടികള്‍ കിറ്റുകളുമായി കടിപിടികൂടുന്നത് രാവിലെ കാല്‍നട യാത്രക്കാര്‍ കണ്ടതോടെയാണ് ഇവ പഴകിയ ഹോട്ടല്‍ ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞത്. പശ്ചിമകൊച്ചിയിലെ മുന്‍നിര-ഇടത്തരം ഹോട്ടലുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കോര്പ്പറേഷന് ആരോഗ്യവിഭാഗം പശ്ചിമകൊച്ചിയില്‍ നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. പകര്‍ച്ചവ്യാധിയും പനിയും പോലുള്ള മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും ശുചീകരണം, മാലിന്യനീക്കം, നല്ല ഭക്ഷണം എന്നീ ജനകീയ പ്രശ്നങ്ങളില്‍ ആരോഗ്യവിഭാഗം നടപടി കൈക്കൊള്ളുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
സംസ്ഥാനതലത്തില്‍ ചെറുകിട-മധ്യനിര-വന്‍കിട ഹോട്ടലുകളില്‍ വ്യാപകമായി മിന്നല്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും പശ്ചിമകൊച്ചിയിലെ ഹോട്ടലുകളില്‍ കോര്പ്പറേഷന്-സംസ്ഥാന ആരോഗ്യവിഭാഗം പരിശോധനയ്ക്ക് തയ്യാറായിട്ടുമില്ല. ശുചിത്വമില്ലാത്ത പരിസരങ്ങളിലെ ഇറച്ചി വില്‍പ്പന, മത്സ്യവില്‍പ്പന, പച്ചക്കറി വിപണനം എന്നിവയ്ക്കൊപ്പം മാലിന്യം കലര്‍ന്ന കുടിവെള്ളം കൂടിയാകുന്നതോടെ പശ്ചിമകൊച്ചിയിലെ ജനങ്ങള്‍ മാരക പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: