കൊച്ചി: വൈറ്റില-പേട്ട റോഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാവുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്കുന്ന സ്ഥലങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ സംയുക്ത പരിശോധന നടത്തി. വൈറ്റില-പേട്ട റോഡിനായി ഏറ്റെടുക്കുന്ന സ്ഥലം അളന്നു തിരിക്കുന്ന ജോലികള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളില്‍ പൂര്‍ണമായും 26 മീറ്റര്‍ ഏറ്റെടുക്കാന്‍ പറ്റുമോ എന്നുള്ളത് സാങ്കേതികമായി പരിശോധിക്കുകയാണ് ഇന്നലെ ചെയ്തത്. പ്രശ്നം നിലനില്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും പരിശോധിച്ചവയില്‍ ഉള്‍പെടും. വൈകിട്ട് 6.45 ഓടെ ആരംഭിച്ച കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന 45 മിനുട്ട് നീണ്ടു. വൈറ്റില മുതല്‍ ചമ്പക്കര പലത്തിനപ്പുറം വരെ കളക്ടര്‍ നേരിട്ട് പരിശോധന നടത്തി. പരിശോധനയുടെ പൂര്‍ണ റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പെടുത്തി ചര്‍ച്ചയിലൂടെ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
നിലിവില്‍ പൊതുമരാമത്ത് തയാറാക്കിയ അലൈന്മെന്റ് അനുസരിച്ചാണ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അലൈന്മെന്റില് എന്തെങ്കിലും മാറ്റം വേണമോയെന്നുള്പെടെയുള്ള കാര്യങ്ങള്‍ വിവിധ വകുപ്പുകളുമായി ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. വൈറ്റില- പേട്ട റോഡ് 26 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശമെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണു 26 മീറ്ററാക്കി ചുരുക്കിയത്. സാധ്യമായ സ്ഥലങ്ങളില്‍ മാത്രം 30 മീറ്റര്‍ വീതിയില്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാനാണ് നിലവില്‍ ധാരണയായിട്ടുള്ളത്.
കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള, മരാമത്ത് റോഡ് ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ പി.എ.ഹാഷിം, വിവിധ വകുപ്പ് അധികൃതര്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: