കൊച്ചി: ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍മാര്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. അടുക്കളക്ക് സമീപം കക്കൂസ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാല് ഹോട്ടലുകള്‍ അടച്ചുപൂട്ടി. പത്ത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. പതിനാല് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
കക്കൂസ് മാലിന്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് സൗത്ത് റെയില്വേസ്റ്റേഷന് സമീപമുള്ള കൊച്ചിന് ടൂറിസ്റ്റ് കോര്പ്പറേഷന് ഹോട്ടല്‍, കെഎസ്ആര്‍ടിസിക്ക് സമീപമുള്ള റോളക്സ് ഹോട്ടല്‍, പാലാരിവട്ടത്തെ താസ് ടാസ്ക്, ഇടപ്പള്ളിയിലെ പാരഡൈസ് എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യും.
നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 10 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ നിലവിലുള്ള സ്ഥിതി മാറ്റിയില്ലെങ്കില്‍ ഹോട്ടല്‍ അടച്ചുപൂട്ടുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്കി. ഇവിടെനിന്നും പഴകിയ ഭക്ഷണവസ്തുക്കളും പിടിച്ചെടുത്തു.
ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍ ആര്.എസ്. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ജില്ലയില്‍ മുഴുവന്‍ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: