കൊച്ചി: മണ്മറഞ്ഞ പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം നടത്തി അനുഗ്രഹപുണ്യം നേടാന്‍ കര്കിടകവാവ് ദിവസമായ ബുധനാഴ്ച മഹാദേവക്ഷേത്രങ്ങളിലും തീര്‍ത്ഥസങ്കേതങ്ങളിലും വന്‍തിരക്ക്.
ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ 5 മുതല്‍ ആരംഭിച്ച ബലിയിടല്‍ കര്മ്മത്തിന് സ്ത്രീകളും പുരുഷന്മാരുമടക്കം നൂറുകണക്കിന് ആളുകളാണ് ഇടമുറിയാതെ എത്തിയത്.
ഓരോ കുടുംബത്തിലും മരിച്ചുപോയ എല്ലാപൂര്വ്വികര്ക്കും വേണ്ടി കര്‍ക്കടകമാസത്തിലെ അമാവാസിനാള് എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ട് പുരോഹിതന്റെ നേതൃത്വത്തില്‍ ക്രിയകള്‍ നടത്തി തീര്ത്ഥക്കുളങ്ങളിലൊ പൂണ്യനദികളിലോ സമര്‍പ്പിച്ച് മുങ്ങിക്കുളിച്ച് ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നത് ഹിന്ദുക്കള്‍ എവിടെയായാലും മറക്കാതെ ചെയ്യുന്ന ആചാരമായി ഇന്നും തുടരുന്നു.
കൊച്ചി- തിരുവിതാംകൂര്‍ ദേവസ്വങ്ങളുടെ നിയന്ത്രണത്തില്‍ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പ്രത്യേക ബലിത്തറകളില്‍ പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരമാണ് ബലിയിടല്‍ ചടങ്ങുകള്‍ നടത്തിയത്. പുരോഹിതര്‍ക്ക് ദക്ഷിണയും ക്ഷേത്രങ്ങളില്‍ ദര്‍ശനവും, വഴിപാട്ടുകളും നടത്തിയാണ് ഭക്തജനങ്ങള്‍ തിരികെപോയത്.
മുളന്തുരുത്തിക്കടുത്ത പാഴൂര്മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനുമായി ഏറെഭക്തജനത്തിരക്കുണ്ടായി.
പൂത്തോട്ട ശ്രീനാരായണവല്ലഭക്ഷേത്രത്തില് സമൂഹബലിതര്പ്പണത്തിന് ക്ഷേത്രം തന്ത്രി മുഖ്യകാര്‍മികത്വം വഹിച്ചു. എരൂര്‍ പോട്ടയില്‍ ക്ഷേത്രത്തില്‍ മേല്ശാന്തിനേതൃത്വം നല്കി.
ചോറ്റാനിക്കര കുഴിയേറ്റ് മഹാദേവക്ഷേത്രം, ഉദയംപേരൂര്‍ പൊതുമന്ദിരം, ചക്കംകുളങ്ങര ക്ഷേത്രം, ഏകാദശി പെരുംതൃക്കോവില്‍, തെക്കുംഭാഗം തറമേക്കാവ് ക്ഷേത്രം, ഇരുമ്പനം മകളിയം, എരൂര്‍ പിഷാരികോവില്‍ ചോറ്റാനിക്കര ദേവിക്ഷേത്രം, പുതിയകാവ് നടക്കാവ് ദേവിക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദര്‍ശനത്തിനും വഴിപാടുകള്‍ക്കുമായി ബുധനാഴ്ച വന്തീരക്കുണ്ടായി.
ആലുവ: ആലുവ മണപ്പുറത്ത് കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് പിതൃതര്‍പ്പണത്തിനായി ആയിരങ്ങളെത്തി. ബലിതര്‍പ്പണത്തിനായി പെരിയാറിന്റെ തീരത്ത് നൂറ്റിയമ്പതോളം ബലിത്തറകളാണ് ഒരുക്കിയിരുന്നത്. മൂന്നൂറോളം പുരോഹിതന്മാര് പിതൃതര്‍പ്പണത്തിന് കാര്‍മ്മികത്വം വഹിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ മണപ്പുറത്ത് ബലിതര്‍പ്പണം ആരംഭിച്ചു. കറുത്തവാവിനോടനുബന്ധിച്ച് മണപ്പുറത്തെ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് പരമേശ്വരന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ആലുവ പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍ ഡിപ്പോകളില്‍നിന്ന് പ്രത്യേക കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നത്തിയിരുന്നു. നേവിയുടെയും ഫയര്‍ഫോഴ്സിന്റെയും മുങ്ങല്‍വിദഗ്ധരുടെ സേവനം മണപ്പുറത്ത് ഉണ്ടായിരുന്നു. ക്രമസമാധാനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വാവ്ബലി ഇന്ന് ഉച്ചവരെ നീണ്ടുനില്‍ക്കും.
കര്‍ക്കിടകവാവിനോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ ആയിരങ്ങള്‍ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തി. രാവിലെ 8 മണിയോടെ പിതൃതര്‍പ്പണം ആരംഭിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ആശ്രമം മഠാധിപതി സ്വാമിശിവസ്വരൂപാനന്ദ, ടി.കെ.ജയന്തിശാന്തി, മധുശാന്തി എന്നിവര്‍ നേതൃത്വം നല്കി.
പെരുമ്പാവൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ സ്വാമിക്ഷേത്രവും പരിസരവും ഭക്തസാഗരത്തെക്കൊണ്ട് നിറഞ്ഞു. ചൊവ്വാഴ്ച രാത്രി 12 മുതല്‍ ബലിത്തറകളില്‍ വന്‍തിരക്കാണനുഭവപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ശേഷവും തര്‍പ്പണത്തിനെത്തിയവരുടെ സാന്നിധ്യം ക്ഷേത്രത്തിലുണ്ടായിരുന്നു. തര്പ്പണത്തിനെത്തിയ ഭക്തരുടെ സൗകര്യാര്‍ത്ഥം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. പെരിയാറിന്റെ കരയില്‍ വിവിധ സമുദായാചാര്യന്മാരുടെ നേതൃത്വത്തില്‍ അമ്പതോളം ബലിത്തറകളാണ് ഒരുക്കിയിരുന്നത്. തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാല്‍ തര്‍പ്പണവും ക്ഷേത്രദര്‍ശനവും നല്ലരീതിയില്‍ നടന്നതായി ഭക്തജനങ്ങള്‍ പറഞ്ഞു.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഒന്നേകാല്‍ ലക്ഷത്തിലധികം ഭക്തര്‍ ചേലാമറ്റത്ത് ദര്‍ശനം നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിവരെ ബലിതര്‍പ്പണമുണ്ടാകും. ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍, ആലുവ, അങ്കമാലി ഡിപ്പോകളില്‍ നിന്നായി പ്രത്യേകം സര്‍വ്വീസുകള്‍ നടത്തിയിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും, പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സും സേവന സജ്ജമായി ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.
ആതുരസേവന രംഗത്ത് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെയും ലക്ഷ്മി ആശുപത്രിയുടേയും സേവനം മുഴുവന്‍ സമയവും ഇവിടെയുണ്ടായിരുന്നു. സേവാഭാരതി പെരുമ്പാവൂര്‍ യൂണിറ്റിന്റെ ആംബുലന്‍സടക്കം നിരവധി പ്രവര്‍ത്തകരും സേവനസന്നദ്ധരായുണ്ടായിരുന്നു. താലൂക്ക് സേവാ പ്രമുഖ് പി.പി.രാജന് നേതൃം വഹിച്ചു.
പെരുമ്പാവൂര്‍ മേഖലയില്‍ ഇടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ രാവിലെ 4 മുതല്‍ പിതൃതര്‍പ്പണാദി ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അര്‍ച്ചനകളും നടന്നു. ഇരവിച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാവിലെ 4ന് വിശേഷാല്‍ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, അഭിഷേകം എന്നിവ നടന്നു.
മരട്: തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ വാവുബലി സമര്‍പ്പിക്കാന്‍ രാവിലെ 5 മുതല്‍ തന്നെ വന്‍ തിരക്കായിരുന്നു. വെളുപ്പിന് 3ന് നടതുറന്നതോടെയാണ് പ്രത്യേക ചടങ്ങുകള്‍ തുടങ്ങിയത്. പിതൃബലി സമര്‍പ്പിക്കുവാന്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ബലിച്ചോറായി വടാപൂജ വിതരണം ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
തിലോദക സമ്പ്രദായത്തിലല്ലാതെ പിതൃബലിനടക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തിരുനെട്ടൂര്‍ ശിവ-വിഷ്ണു മഹാക്ഷേത്രം. വടാതേവരായ വിഷ്ണുവിന് നിവേദിച്ച ബലിച്ചോറുവാങ്ങി ശിവക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് സമര്‍പ്പിച്ച് ദേഹശുദ്ധിവരുത്തുന്നതാണ് ഇവിടത്തെ ബലിച്ചടങ്ങ്.
10 പറയിലധികം അരിവേവിച്ച് മുപ്പതിനായിരത്തോളം വടാപൂജകളാണ് തയാറാക്കിയിരുന്നത്. ക്ഷേത്രം മേല്‍ശാന്തിമാരായ കൃഷ്ണറാവുവും, രാമചന്ദ്രന് എമ്പ്രാന്തിരിയും സഹകര്മ്മികളും ഉള്‍പ്പടെ മുപ്പതോളം ബ്രാഹ്മണര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കൊച്ചി ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍.സുകുമാരന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ യു.ഗോവിന്ദന്‍കുട്ടി, അസി.കമ്മീഷണര്‍ വി.വി.സലില്‍കുമാര്‍, സെക്രട്ടറി വി.രമണി, വി.രാജലക്ഷ്മി, രഞ്ജിനി എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു.
പള്ളൂരുത്തി: മണ്മറഞ്ഞ പിതൃക്കള്‍ക്ക് ആയിരങ്ങള്‍ പതിമകൊച്ചിയില് ബലിതര്‍പ്പണം നടത്തി. പള്ളുരുത്തി ശ്രീഭവാനീശ്വരം ക്ഷേത്രസന്നിധിയില്‍ ഒരേസമയം ആഞ്ഞൂറോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. തന്ത്രിപൂഞ്ഞാര് കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പത്തോളം വൈദികര്‍ ബലിതര്പ്പണചടങ്ങള്ക്ക് നേതൃത്വം നല്കി. പുല്ലാര്‍ദേശം ശങ്കരനാരായണക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണചടങ്ങുകള്‍ക്ക് തന്ത്രി ഭുവനചന്ദ്രനും പെരുമ്പടപ്പ് ശ്രീശങ്കരനാരായണക്ഷേത്രത്തിലെ തര്‍പ്പണചടങ്ങുകള്‍ക്ക് തന്ത്രി സന്തോഷ്ശാന്തിയും മുഖ്യകാര്‍മികത്വം വഹിച്ചു. കുമ്പളങ്ങി ഇല്ലിക്കല്‍ ശ്രീഅര്‍ദ്ധനാരീശ്വരക്ഷേത്രം, കണ്ടത്തിപ്പറമ്പ് ഭൂവനേശ്വരി ക്ഷേത്രം, പെരുമ്പടപ്പ് ഊരാളക്കംശ്ശേരി ശ്രീഅന്നപൂര്ണേശ്വരിക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ചക്കനാട് ക്ഷേത്രം, രാമേശ്വരം ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലും പുലര്‍ച്ചെ 5ന് ബലികര്‍മ്മങ്ങള്‍ ആരംഭിച്ചു. മിക്കക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ് തര്പ്പണച്ചടങ്ങുകള്ക്ക് അനുഭവപ്പെട്ടത്.
കാലടി: ശ്രീശങ്കരജന്മഭൂമിയായ കാലടിയില്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പിതൃതര്‍പ്പണം നടത്തി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മുതലക്കടവില്‍ വിപുലമായ സംവിധാനം ഒരുക്കിയിരുന്നു. ബലിതര്‍പ്പണങ്ങള്‍ക്ക് വത്സന് ശാന്തി, കൃഷ്ണന്‍കുട്ടി ഇളയത് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ പ്രസാദ പ്രാതലും ഭക്തജനങ്ങള്‍ക്ക് നല്കി.
കാലടി: കാഞ്ഞൂര്‍ പാറപ്പുറം തിരുവലംചുഴി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വന്‍തിരക്ക് അനുഭവപ്പെട്ടു. രാവിലെ നാലുമണിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് നീലകണ്ഠന് ഇളയതും സാബുശാന്തിയും നേതൃത്വം നല്കി. മഠസ്സിമനക്കല് വിക്രമന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തിലഹോമവും തുടര്‍ന്ന് കാലുകഴികിച്ച് ഊട്ടും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: