ന്യൂദല്‍ഹി: വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ ശ്രദ്ധ ചെലുത്തണമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ മംതാ ശര്‍മ്മ വ്യക്തമാക്കി. അടുത്തയിടെ ഗുവാഹത്തിയിലുണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്നാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. സംഭവം അന്വേഷിക്കുന്ന വനിതാ കമ്മീഷന്റെ സംഘത്തെ സന്ദര്‍ശിക്കുവാന്‍ ഇന്ന് ശര്‍മ്മ ഗുവാഹത്തിയിലെത്തും. എങ്ങനെ വസ്ത്രം ധരിക്കണം എന്നത് സംബന്ധിച്ച് ശ്രദ്ധയുണ്ടാകണം. സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്നും മംതാ ശര്‍മ്മ പറഞ്ഞു.
ഏതൊക്കെ വസ്ത്രം ധരിക്കണം, ധരിക്കേണ്ട എന്നത് സംബന്ധിച്ച് പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് ശ്രദ്ധയുണ്ടാകണമെന്നും അല്ലാത്ത പക്ഷം അത് നമ്മുടെ സംസ്ക്കാരത്തെ ബാധിക്കുകയും അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.സ്ത്രീകള്‍ക്കെതിരെ പൊതുവെയുള്ള വിവേചന മനോഭാവത്തില്‍ മാറ്റുമുണ്ടാക്കുക എന്നതാണ് കമ്മീഷന് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മംതാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഗുവാഹത്തിയില്‍ രാത്രിയില്‍ സുഹൃത്തിനോടൊപ്പം സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം അക്രമി സംഘം വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് വനിതാ കമ്മീഷന് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയില്‍ കമ്മീഷനിലെ അംഗമായ അല്ലാമ്പയെ കമ്മീഷന് പുറത്താക്കിയിരുന്നു. സംഭവത്തിലെ ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് ഇവരെ പുറത്താക്കിയത്. ആല്‍കാ ലാമ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്, മറിച്ച് കമ്മീഷന്റെ അഭിപ്രായമല്ലെന്ന മംതാ ശര്‍മ്മ പറഞ്ഞു.
ഇതിനിടെ, ഗുവാഹതി പീഡനക്കേസുമായി ബന്ധപ്പെട്ട് മംത ശര്‍മ്മ അസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കുക, പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മംത ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ്, വൈദ്യസഹായം, സര്‍ക്കാര്‍ ജോലി എന്നിവ നല്കി പുനരധിവസിപ്പിക്കണമെന്ന് മത്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബാറുകള്‍ക്ക് മുമ്പില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാനും രാത്രിയിലെ പോലീസ് പട്രോളിംഗ് ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹെല്‍പ്പ്ലൈനുകളും പോലീസ്സ്റ്റേഷനുകളില്‍ വനിതാ സെല്ലുകളും സ്ഥാപിക്കണമെന്ന് മംത പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: