ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സാക്ഷികളെ വിസ്തരിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ അധികൃതര്‍ക്ക് കത്തെഴുതുമെന്ന് പാക് പ്രത്യേക പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തെളിവെടുപ്പ് നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പാക് ഭീകരവിരുദ്ധ കോടതി തള്ളിയ സാഹചര്യത്തിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇന്ത്യയിലെ സാക്ഷികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കത്തെഴുതുമെന്ന് ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക അഭിഭാഷകന് മുഹമ്മദ് അഷര്‍ ചൗധരി പറഞ്ഞു. 2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത ഏഴു പേര് പാക്കിസ്ഥാനില്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരെയുള്ള സാക്ഷിമൊഴികള്‍ തെളിവായി കാണാനാവില്ലെന്ന് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യാ-പാക് സര്‍ക്കാരുകള്‍ സമ്മതിക്കുകയാണെങ്കില്‍ സാക്ഷികളെ വിസ്തരിക്കുന്നതിന് മറ്റൊരു കമ്മീഷനെ ഇന്ത്യയിലേക്ക് അയക്കുവാന്‍ തയ്യാറാണെന്ന് ജഡ്ജി ചൗധരി ഹബീബ്-ഉര്-റഹ്മാന് പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്റെ 800 പേജുകളുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ സക്കീര്‍ റഹ്മാന് ലഖ്വിയുടെ ജുഡീഷ്യല്‍ പാനല്‍ റിപ്പോര്ട്ടിന്മേലുള്ള ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം കോടതി ഉത്തരവ് വന്നത്. മുംബൈ ഭീകരാക്രമണത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അജ്മല്‍ കസബിന്റെ മൊഴികള്‍ ശേഖരിച്ച മജിസ്ട്രേറ്റ് ആര്.വി.സാവന്ത് വാഗുലെ, ഉന്നത പോലീസ് ഉദ്യോഗസ്ഥന് രമേഷ് മഹാലെ, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നാണ് പാക് കമ്മീഷന് മൊഴിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: