ന്യൂദല്‍ഹി: ട്രെയിനുകളില്‍ ശാസ്‌ത്രീയസംഗീതം ആസ്വദിച്ച് യാത്ര ചെയ്യാന്‍ റെയില്‍വേ അവസരം ഒരുക്കുന്നു. ആദ്യ ഘട്ടമായി രാജധാനി, ശതാബ്ദി തീവണ്ടികളിലാകും ഈ സൗകര്യം ഏര്‍പ്പെടുത്തുക. ഉസ്താദ് ബിസ്മില്ലാ ഖാന്‍, പണ്ഡിറ്റ് പന്നാലാല്‍ ഘോഷ് തുടങ്ങിയ പ്രഗത്ഭരുടെ സംഗീതം റെയില്‍വേ കോച്ചുകളില്‍ യാത്രയുടെ വിരസതയകറ്റും.
ആള്‍ ഇന്ത്യ റേഡിയോയുടെ ലൈബ്രറിയില്‍ നിന്നാകും സംഗീത ആല്‍ബങ്ങള്‍ റെയില്‍വേ സംഘടിപ്പിക്കുക. ട്രെയിനുകള്‍ ഓരോ സംസ്ഥാനത്തു കൂടി പോകുമ്പോള്‍ ആ സംസ്ഥാനങ്ങളിലും മേഖലയിലുമുള്ള ശാസ്‌ത്രീയ സംഗീതകാരന്മാരുടെ വാദ്യസംഗീതം ബോഗികളില്‍ കേള്‍പ്പിക്കാനാണ് തീരുമാനം.
ദ്വാരം വെങ്കിടസ്വാമി നായിഡുവിന്റെ വയലിന്‍, ടി.എന്‍.രാജരത്നം പിള്ളയുടെ നാഗസ്വരം, ടി.ആര്‍.മഹാലിംഗത്തിന്റെ ഫ്ലൂട്ട്, പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയുടെ സിത്താര്‍, രാധികാ മോഹന്‍ മൈത്രയുടെയും ശരണ്‍ റാണിയുടെയും സരോദ്, ഉസ്‌താദ് അഹമ്മദ് ജാന്‍ തിഡ്കയുടെ തബല, ദാസര്‍ ബ്രദേഴ്‌സിന്റെ ദ്രുപദ് സംഗീതം എന്നിവയും ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാനാവും.
ന്യൂദല്‍ഹിയില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളില്‍ ടി.വി സംപ്രേക്ഷണം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: