പെരുമ്പാവൂര്‍: നിരവധി വര്‍ഷമായി പെരുമ്പാവൂരില്‍ പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയിലെ പിരിഞ്ഞുപോയതും നിലവിലുള്ളതുമായ മുഴുവന്‍ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള ബ്രാഹ്മണസഭ പെരുമ്പാവൂര്‍ ഉപസഭ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പെരുമ്പാവൂരിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പെരുമ്പാവൂര്‍ ഉപസഭാ വാര്‍ഷികയോഗം പ്രതിഷേധിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ബ്രാഹ്മണസഭക്കും പ്രാതിനിധ്യം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ക്ഷേത്രാചാരങ്ങളും കലാസംഗീത സാംസ്കാരിക പരിപാടികളും പുരാണ പാരായണവും ഉള്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം ടിവി ചാനല്‍ ആരംഭിക്കണം. സമൂഹം ഹാളില്‍ നടന്നയോഗത്തില്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ഇക്കഴിഞ്ഞ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസധനസഹായവും ഉപഹാരങ്ങളും നല്കി അനുമോദിച്ചു. യോഗത്തില്‍ എച്ച്.രാമനാഥന്, ജി.മഹാദേവ അയ്യര്‍, സെക്രട്ടറി കെ.ഹരി, ആര്.നടേശന്, എച്ച്.ബാലകൃഷ്ണന്, വി.കൃഷ്ണന്, എച്ച്.വാഞ്ചീശ്വരന്‍, ലളിത എസ്.ലക്ഷ്മണന്, ലക്ഷ്മി അയ്യര്‍, ശാന്തി നാരായണന്, പുഷ്പടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: