ഗുവാഹതി: അസമില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടെ അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂലൈ ഒമ്പതിന് പെണ്‍കുട്ടിയെ നടുറോഡില്‍ ഒരു സംഘം ആളുകള്‍ അപമാനിക്കുന്ന ദൃശ്യം പുറത്തുവിട്ട പ്രാദേശിക ചാനല്‍ എഡിറ്റര്‍ അദനു ബുയാന്‍ രാജിവച്ചു. അതേസമയം കേസിലെ മുഖ്യ പ്രതി അമര്‍ജ്യോതി കാലിത ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ ഒഡീഷയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം അന്വേഷണം ഒറീസയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ അമറിന്റെ മുഖം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട ദേശീയ വനിതാ കമ്മീഷന്‍ അംഗം അല്‍കലാംബയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇതിനിടെ മുഖ്യമന്ത്രി തരുണ്‍ ഗോംഗോയിയെ കാണാനെത്തിയ പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തുവിട്ടത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിയമവിരുദ്ധമായി പെണ്‍കുട്ടിയുടെ പേരു വിവരം വെളിപ്പെടുത്തിയത് ദേശീയ വനിതാ കമ്മീഷന്‍ അംഗം പരസ്യമായി മാപ്പ് ചോദിച്ച സാഹചര്യത്തിലാണിത്. അസമിലെ പ്രമുഖ കോണ്‍ഗ്രസ് മന്ത്രിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം ക്യാമറയില്‍ പകര്‍ത്തിയ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറും ക്യാമറാമാനും രാജിവച്ചിരുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: