ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തെളിവെടുപ്പ് നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പാക് ഭീകരവിരുദ്ധ കോടതി.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്നവര്‍ക്കെതിരെയുള്ള തെളിവായി ഇതിനെ കാണാനാവില്ലന്ന് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ഹബീബ് റഹ്മാന് വ്യക്തമാക്കി. മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ സക്കീര്‍ റഹ്മാന് ലഖ്വി നല്കിയ ജുഡീഷ്യല്‍ പാനല്‍ റിപ്പോര്ട്ടിന്മേലുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ലഖ്വിയുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ മുഖ്യസാക്ഷികളെ വീണ്ടും സാക്ഷി വിസ്താരം നടത്താന്‍ പുതിയ കമ്മീഷനെ അയക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ലഖ്വിയുടെ അഭിഭാഷകന് ക്വാജ ഹാരീസ് അഹമ്മദ് ഇതിനെ എതിര്‍ത്തു. അഭിഭാഷകരുള്‍പ്പെട്ട എട്ടംഗ കമ്മീഷന് ഇന്ത്യയിലെത്തി കേസ് കേള്‍ക്കുന്ന ജഡ്ജി, മുതിര്‍ന്ന പോലീസ് മേധാവി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളെ പോസ്റ്റ്മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴിയെടുത്തിരുന്നു.
ഇതിനിടെ, മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാക് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തിയ തെളിവുകള്‍ തന്നെ പ്രതികളെ ശിക്ഷിക്കാന്‍ പര്യാപ്തമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
പാക് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തിയ തെളിവുകള്‍ തികച്ചും സത്യമാണെന്ന് വിശ്വസിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ആര്.കെ. സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് തെളിവെടുക്കാന്‍ ഇന്ത്യ സന്ദര്‍ശിച്ച പാക് ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പാക് കോടതി തള്ളിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമാബാദിലെ ഇന്ത്യ ഹൈക്കമ്മീഷന് വഴി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടും. പാക് കോടതിയുടെ ഉത്തരവ് പരിശോധിച്ചശേഷം ഇതുസംബന്ധിച്ച് പാക് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്ന് പാക് ഭീകരവിരുദ്ധ കോടതി വിധിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കമ്മീഷന്റെ എല്ലാ നടപടികളും നിയമപരമായി നിലനില്ക്കാാത്തതാണെന്നും ഇവ തെളിവായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പാക് കോടതിയുടെ ഈ വിധി പ്രതികളുടെ വിചാരണയും വിധി പറയലും വൈകാന്‍ ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: