നെടുമ്പാശ്ശേരി: ഗള്‍ഫിലെ അനാശാസ്യകേന്ദ്രങ്ങളിലേക്ക് പെണ്‍കുട്ടികളെ കയറ്റി അയക്കുന്ന ഏജന്‍സികള്‍ സംസ്ഥാനത്ത് വ്യാപകം. അനാശാസ്യകേന്ദ്രത്തിലകപ്പെട്ട് രക്ഷപ്പെട്ട് ഗള്‍ഫില്‍ നിന്നും എത്തിയ പെണ്‍കുട്ടി നല്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
എല്ലാ ജില്ലകളിലും എല്ലാ വിമാനത്താവളങ്ങളിലും സെക്സ്റാക്കറ്റ് കണ്ണികളുണ്ട്. സംസ്ഥാനത്തെ എല്ലാവിമാനത്താവളങ്ങള് വഴിയും പെണ്‍കുട്ടികളെ കയറ്റി അയക്കുന്നുണ്ട്. കൊടിയ പീഡനമാണ് അവിടെ പെണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ഗള്‍ഫിലെ ഇത്തരത്തിലുള്ള കേന്ദ്രങ്ങളില്‍ ആകപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 13ന് നെടുമ്പാശ്ശേരിവഴി കയറ്റി അയക്കപ്പെട്ട 19 വയസുള്ള പെണ്‍കുട്ടി ജൂലായ് 13ന് രക്ഷപ്പെട്ട് എത്തുകയായിരുന്നു. വ്യാജപാസ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ കടത്തുവാന്‍ സഹായിച്ച എമിഗ്രേഷന്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെ പ്രതിഫലം വാങ്ങിയാണ് പെണ്‍കുട്ടികളെ കയറ്റി അയക്കുന്നത്. വ്യാജ പാസ്പോര്ട്ടുകള് നല്‍കുന്നത് ഗള്‍ഫില്‍ നിന്ന് തന്നെയാണ്.
ഗള്‍ഫ് റാക്കറ്റിനെ കണ്ടെത്തുന്നതിനായി ക്രൈംഡിറ്റാച്ച് മെന്റ് ഡിവൈഎസ്പി കെ.വി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ കയറ്റിക്കൊണ്ട് പോയിട്ടുണ്ട്, അവര്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് എന്നകാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മലയാളി സ്ത്രീകള്‍ തന്നെയാണ് ഗള്‍ഫില്‍ സെക്സ് റാക്കറ്റിന് പിന്നിലെന്നാണ് വിവരം. സെക്സ് റാക്കറ്റിലേയ്ക്ക് ഈ പെണ്‍കുട്ടിയെ കടത്തിയതും സ്ത്രീയാണ്. സെക്സ് റാക്കറ്റും ഏജന്‍സികളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍സികളുമടങ്ങുന്ന ശക്തമായ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: