വയനാട് ജില്ലയില്‍ പുല്‍പ്പള്ളി പഞ്ചായത്തിലാണ് പുരാതനമായ സീതാദേവി-ലവ-കുശ ക്ഷേത്രം. ത്രേതായുഗ സന്ധ്യകളെ കണ്ണീര്‍കൊണ്ട് ഈറന്‍ ചാര്‍ത്തിയ സീതയ്ക്കും മക്കള്‍ക്കും ആശ്രയമായിരുന്ന വാല്മീകി ആശ്രമം വയനാട്ടിലെ പുല്‍പ്പള്ളിയിലായിരുന്നുവെന്ന് വിശ്വാസം. പരമപവിത്രമായ ഈ ആശ്രമം സ്ഥിതി ചെയ്യുന്നിടം ആശ്രമകൊല്ലിയായും ശിശുക്കള്‍ കളിച്ചുനടന്ന സ്ഥലം പുല്‍പ്പള്ളിക്കടുത്തുള്ള ശിശുമലയായും അറിയപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നാണ് കാണാവുന്ന ദൂരത്താണീ ശിശുമല. അതുകൊണ്ടായിരിക്കാം സീതയുടേയും ലവ-കുശന്മാരുടേയും ക്ഷേത്രങ്ങളുണ്ടാവാന്‍ കാരണം. ആശ്രമകൊല്ലിയിലുള്ള പാറയിലാണ് വാല്മീകി തപസ്സുചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെട്ടു. അവിടെ ഒരു ഗുഹയുണ്ട്. പണ്ട് ഈ പാറയില്‍ വിരലുകള്‍ ഉരച്ചാല്‍ ചന്ദനം ലഭിച്ചിരുന്നതായും പഴമ. പുല്‍പ്പള്ളിയിലെ താഴത്തങ്ങാടിക്കടുത്ത് ചേടാറ്റിന്‍കാവ് എന്നൊരു ക്ഷേത്രവുമുണ്ട്. പുല്‍പ്പള്ളി ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. തെക്കുമാറിയാണ് ഈ കാവ്. ഇതിനടുത്തുവച്ചാണ് ഭൂമി പിളര്‍ന്ന് സീത പ്രത്യക്ഷയായതെന്ന് വിശ്വാസികള്‍ കരുതുന്നു. സീതാദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനവുമാണിത്. ചുറ്റും ചെടികളും മരങ്ങളും നിറഞ്ഞുനില്ക്കുന്ന പറമ്പിലൂടെ കയറിച്ചെല്ലുന്നിടത്ത് ബലിക്കല്ലുമുണ്ട്. മുരുക്കന്മാര്‍ എന്ന ലവകുശന്മാരുടേയും വേട്ടക്കൊരുമകന്റെയും സ്ഥാനങ്ങളുമുണ്ട്. കിഴക്കുഭാഗത്തായി പുണ്യതീര്‍ത്ഥസ്ഥാനവുമുണ്ട്.
പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിനടുത്താണ് സീതാക്ഷേത്രം. കടകളും നിരവധി സ്ഥാപനങ്ങളുമുള്ള ജംഗ്ഷന് പട്ടണത്തിന്റെ പ്രൗഢിയുണ്ട്. ചരിഞ്ഞുകിടക്കുന്ന റോഡിലൂടെ കയറിയാല്‍ വിസ്തൃതമായ അമ്പലപ്പറമ്പ്. അതിന്റെ ഒരറ്റത്ത് ആനയുണ്ട്. ക്ഷേത്രത്തിനഭിമുഖമായി ദേവസ്വം ഓഫീസും സ്റ്റേജുമുണ്ട്. താഴെ വടക്കുഭാഗത്താണ് കുളം. നേരെ മുകളില്‍ ഊട്ടുപുരയും. സീതാദേവിയുടെ അരികില്‍നിന്ന് അസ്ത്രവിദ്യ പരിശീലിക്കുന്ന ലവകുശന്മാരുടെ മനോഹരചിത്രം ക്ഷേത്രത്തിന് മുന്നിലുണ്ട്. ചെമ്പുമേഞ്ഞ രണ്ടുനില ശ്രീകോവിലില്‍ സീതാദേവിയേയും ലവകുശന്മാരേയും പ്രതിഷ്ഠിക്കുന്നു. ഉപദേവന്മാരായി അയ്യപ്പന്, ഗണപതി, സുബ്രഹ്മണ്യന്, വേട്ടയ്ക്കൊരുമകന്‍, എന്നീ പ്രതിഷ്ഠകളും നാഗരാജസങ്കല്‍പ്പവുമുണ്ട്. മൂന്നുനേരം പൂജയുണ്ട്. തന്ത്രം ഉടാത്തനാട്ട് ഇല്ലം കോഴിക്കോട്ടിരി മന എന്നിവര്‍ക്കാണ് ദേവിക്ക് വെള്ള നിവേദ്യവും നെയ്പ്പായസവും ലവ-കുശന്മാര്‍ക്ക് ഉണ്ണിയപ്പവും വഴിപാടായുണ്ട്.
മണ്ഡലകാലം, മകരത്തിലെ രേവതിക്കുള്ള പ്രതിഷ്ഠാദിനം. ധനുവിലെ ചുറ്റുവിളക്കും ഉത്സവാഘോഷങ്ങളും ഇവിടത്തെ വിശേഷങ്ങളാണ്. നവരാത്രിക്കും വിഷുവിനും പ്രത്യേക ആഘോഷങ്ങളുണ്ട്. ലവകുശന്മാര് കളിച്ചുനടന്നതിനെ അനുസ്മരിച്ച് ഇവിടെ വെള്ളാട്ടം നടത്തുന്നു. ക്ഷേത്രത്തിന് തെക്കുവശത്തുള്ള വെള്ളാട്ട് തറയില്‍വച്ചാണിത്. വൃശ്ചികവും കര്‍ക്കിടകവും ഒഴികെയുള്ള എല്ലാ മലയാളമാസവും രണ്ടാം തീയതിയ്ക്കുള്ള ചുറ്റുവിളക്കിനും വെള്ളാട്ടമുണ്ട്. ഉപദേവതാ സ്ഥാനമായ കരിങ്കാളി ക്ഷേത്രത്തില്‍ എല്ലാ മാസവും സംക്രമ പൂജയുണ്ട്. ജനുവരിമാസത്തിലാണ് ഇവിടെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് വെള്ളാട്ടം നടക്കും. ഉത്സവത്തിന് താലപ്പൊലിയുണ്ടാകും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലെ ഭക്തജനങ്ങള്‍ താലപ്പൊലിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: