ന്യൂയോര്‍ക്ക് സിറ്റി: ഹോളിവുഡ് നടിയും ഓസ്കര് പുരസ്കാര ജേത്രിയുമായ സെലസ്റ്റി ഹോം (95) അന്തരിച്ചു. 2002 മുതല്‍ മറവിരോഗത്തിനു ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. അവസാന സമയത്ത് ഭര്‍ത്താവ് ഫ്രാങ്ക് ബേസിലും മക്കളും അടുത്തുണ്ടായിരുന്നു.
ത്വക്ക് കാന്‍സറും അള്‍സറും മൂലം ആരോഗ്യനില വഷളായതേത്തുടര്ന്ന് ഈ മാസം ആദ്യം ഹോമിനെ ന്യൂയോര്‍ക്കിലെ റൂസ്വെല്‍റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിര്ജലീകരണത്തേത്തുടര്ന്ന് നില വഷളായ ഹോമിനെ വെന്റിനേറ്ററിലേയ്ക്കു മാറ്റിയിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതോടെ ഡോക്ടമാരും പ്രതീക്ഷ കൈവെടിഞ്ഞു.
1917 ഏപ്രില്‍ 29ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഹോമിന്റെ ജനനം. എഴുത്തുകാരിയും കലാകാരിയുമായ അമ്മയുടെ കഴിവുകള്‍ ചെറുപ്പംമുതല്‍ ഹോമിനെ സ്വാധീനിച്ചു. ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നു നാടകം പഠിച്ച ശേഷമാണ് ഹോം അരങ്ങിലെത്തിയത്. ഹാംലെറ്റ് എന്ന പ്രശസ്ത നാടകത്തിലൂടെയാണ് ഹോമിന്റെ അരങ്ങേറ്റം. തുടര്‍ന്ന് 1946ല്‍ ത്രീ ലിറ്റില്‍ ഗേള്‍സ് ഇന്‍ ബ്ലൂ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. പിന്നീട് നിരവധി കഥാപാത്രങ്ങള്‍ക്കു ഹോം ജീവന് പകര്‍ന്നു.
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദ ടെന്‍ഡര്‍ ട്രാപ്പും ഹായ് സൊസൈറ്റിയും ഹോമിനെ ഹോളിവുഡിന്റെ പ്രിയങ്കരിയാക്കി മാറ്റി. 1947 ല്‍ പുറത്തിറങ്ങിയ ജെന്റില്മന്സ് എഗ്രിമെന്റ് എന്ന ചിത്രത്തിലെ അഭിനയം ഹോമിനു മികച്ച സഹനടിയ്ക്കുള്ള ഓസ്കര് പുരസ്കാരം നേടിക്കൊടുത്തു. ഇതിനു പുറമേ നിരവധി പുരസ്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. ഡ്രൈവിംഗ് മി ക്രേസി(2012) ആണ് അവസാനം അഭിനയിച്ച ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: