കൊച്ചി: വൈറ്റിലയില്‍നിന്നും തുടങ്ങി തിരക്കേറിയ എംജി റോഡിലൂടെ കടന്ന് ചാത്യാത്ത് റോഡിലേക്ക് ബൈക്ക് റാലി നടത്തിയ 13 മോട്ടോര്‍ സൈക്കിളുകള്‍ പോലീസ് പിടിച്ചെടുത്തു. ടീം റോഡ്കിംഗ് കൊച്ചിന് എന്ന പേരിലുള്ള മോട്ടോര്‍സൈക്കിള്‍ റാലി അംഗങ്ങളാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായത്.
വൈറ്റിലയില്‍നിന്നും തുടങ്ങി എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡായ എംജി റോഡിലൂടെ ട്രാഫിക് നിയമങ്ങള്‍ മറികടന്ന് സിറ്റിക്കകത്ത് റാലി നടത്തുന്നതിനുള്ള മുന്‍കൂര്‍ അനുവാദമില്ലാതെ, വേഗത്തിലും അപകടകരമായ വിധത്തില്‍ വെട്ടിച്ചും പാളിച്ചുമാണ് പ്രതികള്‍ ബൈക്കുകള്‍ ഓടിച്ചുവന്നത്. അസാമാന്യ വേഗതയും ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കിയും ബൈക്ക് റെയ്സിംഗ് ശബ്ദവും ഉണ്ടാക്കി പ്രതികള്‍ പൊതുജനങ്ങള്‍ക്ക് അസഹ്യതയും ശബ്ദമലിനീകരണവും ഉണ്ടാക്കുകയായിരുന്നു. എംജി റോഡിലൂടെ ബൈക്കുകള്‍ ഓടിച്ച് ഗോശ്രീ റോഡുവഴി ചാത്യാത്ത് റോഡിലേക്ക് എത്തിച്ചേര്‍ന്ന 13 എസ്ഡി ജാവ ഇനത്തില്‍പ്പെട്ട ബൈക്കുകള്‍ കൊച്ചിസിറ്റി പോലീസ് ജില്ലാ മേധാവി അജിത് കുമാര്‍, ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് എസ്ഐ അനന്തലാല്‍, കെ.എം.സലീം, കെ.സി.ശശിധരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോഷി, സിവില്‍ പോലീസ് ഓഫീസര്‍ ഷാജി എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ബൈക്കുകള്‍ നാളെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: