കാഠ്മണ്ഡു: തെക്കന്‍ നേപ്പാളില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ഖണ്ഡാക് കനാലിലേക്ക് മറിഞ്ഞ് 36 ഓളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. ബസില്‍ 70-80 ഹിന്ദു തീര്ത്ഥാടകരാണുണ്ടായത്.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നവാല്‍ പരാസി ജില്ലയിലെ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ കൂടുതല്‍ പേരും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. കാഠ്മണ്ഡുവില്‍നിന്നും 250 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നതെന്ന് നവാല്‍പരാസി പോലീസ് അധികൃതര്‍ അറിയിച്ചു.
25 പുരുഷന്മാരുടെയും 10 സ്ത്രീകളുടെയും ഒരു കുട്ടിയുടേതുമുള്പ്പെടെ 36 പേരുടെ മൃതദേഹങ്ങള്‍ അപകടസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ പത്തുപേരെ നവാല്‍പരാസി ജില്ലാ ആശുപത്രിയിലും സിമോറിയിലെ ചൗപ്പട്ട ആരോഗ്യകേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു.
അധികമായി യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. നേപ്പാള്‍ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: