ഇസ്ലാമാബാദ്: ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സൗജന്യസേവനത്തിന്റെ ഭാഗമായി ഷൂ പോളിഷ് ചെയ്ത പാക്കിസ്ഥാന് ഡപ്യൂട്ടി അറ്റോര്‍ണി ജനറലിന് പാക്കിസ്ഥാന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിഎജി ഖുര്‍ഷിദ് ഖാനോടാണ് രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന പ്രവൃത്തി ചെയ്തെന്നാരോപിച്ച് ബാര്‍ അസോസിയേഷന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സൗജന്യസേവനത്തിന്റെ ഭാഗമായി ശുദ്ധിയാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താന്‍ ചെയ്തിരുന്നു എന്നും അതിന്റെ ഭാഗമായാണ് ഷൂ പോളിഷ് ചെയ്തതെന്നും ഖുര്‍ഷിദ് ഖാന് പ്രതികരിച്ചു. നിരപരാധികളായ ഇന്ത്യക്കാരെ ഭീകരന് അജ്മല്‍ കസബ് നിയമവിരുദ്ധമായി കൊലപ്പെടുത്തിയതാണോ ഇന്ത്യയിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും ഷൂ പോളിഷ് ചെയ്തതാണോ രാജ്യത്തിന് അപമാനകരമെന്നും ഖാന് ചോദിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ അതിഥിയായാണ് താന്‍ അമൃത്സര്‍ ഉള്‍പ്പെടെയുള്ള സിഖ് ആരാധനാലയങ്ങളില്‍ പോയതെന്നും പാക്കിസ്ഥാനികളെക്കുറിച്ച് നല്ല പ്രതിഛായ സൃഷ്ടിക്കാനായിരുന്നു തന്റെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
നോട്ടീസിന് പിന്നീട് മറുപടി നല്‍കുമെന്നും നിയമലംഘനം നടത്തിയിട്ടില്ലാത്ത തന്നോട് എന്തടിസ്ഥാനത്തിലാണ് വിശദീകരണം ചോദിക്കുന്നതെന്നും ഖാന് ചോദിച്ചു. ഡിഎജി എന്ന നിലയ്ക്ക് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടതെന്നും എന്നാല്‍ പകരം തങ്ങള്‍ ഇടപെടുകയാണെന്നും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് യാസിന് അസാദ് പറഞ്ഞു. സുപ്രീംകോടതി ബാര്‍ അസോസിയേഷനിലെ 200 അംഗങ്ങള്‍ക്കൊപ്പം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഖാന് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ നിയമവിദഗ്ദ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. പെഷവാറിലെ ഗുരുദ്വാരകളിലും ഖാന് സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്. താലിബാന് ഭീകരര്‍ പാക്കിസ്ഥാനില്‍ സിഖുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് ശേഷമാണ് ഖുര്‍ഷിദ് ഖാന് ഗുരുദ്വാരകള്‍ പതിവായി സന്ദര്‍ശിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: