ശ്രീനഗര്‍: ആക്രമണഭീഷണി നിലനിന്നിരുന്ന കാശ്മീരില്‍ സമാധാനം തിരിച്ചെത്തിയെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കഴിഞ്ഞ 24 വര്‍ഷമായി തനിക്ക് കാശ്മീര്‍ താഴ്വാരത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ചര്‍ച്ചകളാണെന്നും കാശ്മീര്‍ ജനതയോട് ദലൈലാമ പറഞ്ഞു. അക്രമം ആരും ഇഷ്ടപ്പെടുന്നില്ലെന്നും സമാധാനത്തിന്റെ മാര്‍ഗമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനഗറിലെ തിബത്തന്‍ സ്കൂള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദലൈലാമ. ദേഷ്യവും നിഷേധാത്മകചിന്തകളും മനസ്സില്‍ വളര്‍ത്തരുതെന്നും അത് സമാധാനത്തെ തകര്‍ക്കുമെന്നും ലാമ പറഞ്ഞു. നഴ്സറിതലം മുതല്‍ സര്‍വകലാശാല വരെ ധാര്‍മ്മികവും മതപരവുമായ വിദ്യാഭ്യാസം നടപ്പാക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ദലൈലാമയ്ക്കൊപ്പം വിവിധ പരിപാടികളില്‍ അദ്ദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: