ഉന്നമിട്ടുകഴിഞ്ഞാല് പിന്നത്തെ കാര്യം പോക്കാണ്. എന്നു വെച്ചാല്‍ ടാര്‍ഗറ്റ് ചെയ്യല്‍. പിന്നെ ഒരു പ്രവൃത്തിയും അതിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ട് ചെയ്യാനാവില്ല. ഈ ഉന്നമിടല് തന്നെ രണ്ടുവിധമുണ്ട്. അജണ്ടാധിഷ്ഠിതവും സ്വാഭാവികവും. ഒഞ്ചിയത്തെ ടി.പി. വധത്തിനുശേഷം അന്നാഹാരം കഴിക്കുന്ന സകലവിധ തേരാപാരകളും ഒരു പാര്‍ട്ടിയുടെ മുഷ്കാണ് അതിന്റെ പിന്നിലെന്ന് സംശയിച്ചു; പോര ഉന്നമിട്ടു. പാവങ്ങളുടെ പാര്‍ട്ടിയായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പറയുന്നവരും ഉണ്ട്. പാവങ്ങളുടെ പുറത്താണല്ലോ പിടഞ്ഞുകേറാന് എളുപ്പം. പണക്കാരന്റെ പാര്‍ട്ടിയുടെ നേരെ നിവര്‍ന്നു നിന്ന് ഒന്ന് നോക്കാന്‍ പോലും ആരും ശ്രമിക്കില്ല. നാട്ടുമ്പുറത്തെ കാര്യം തന്നെ ഒന്നെടുത്തു നോക്കിയാല്‍ പോരെ. അപ്പോ, അജണ്ടാധിഷ്ഠിത ഉന്നമിടല് എന്നു പറയുന്നത് ഇവിടെ ചേരില്ല. ടി.പി.ക്കുനേരെ നേരത്തെ നടന്ന ചില ഏര്‍പ്പാടുകളുടെയും വര്‍ത്തമാനങ്ങളുടെയും പശ്ചാത്തലം ഉള്ളതുകൊണ്ടാണ് പാവങ്ങളുടെ പാര്‍ട്ടിയെ സംശയിച്ചുപോവുന്നത്. സ്വാഭാവികമായി ഭീഷണിയുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ കൊല്ലപ്പെട്ടാല്‍ ഭീഷണിപ്പെടുത്തിയയാളെ (അയാള്‍ നൂറു ശതമാനം നിരപരാധി ആയാലും) സംശയിച്ചുപോവില്ലേ? അതിന് കുതിര കയറിയിട്ടെന്തുഫലം?
രണ്ടാമത്തെതാണ് ടാര്‍ഗറ്റിന്റെ മറ്റൊരു രൂപം. ഒരാളെ, ഒരു പ്രസ്ഥാനത്തെ, സ്ഥാപനത്തെ ടാര്‍ഗറ്റ് ചെയ്യാന്‍ വിചാരിച്ചാല്‍ ഏതു വിധേനയും തെളിവുണ്ടാക്കി കഥകഴിക്കും. മോഷ്ടാക്കള്‍ക്കും ക്ഷുദ്രപ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കുന്നവര്ക്കും പേടിസ്വപ്നമായ ഒരു നായയെ കൊല്ലാനുള്ള എളുപ്പവഴി എന്താണ്? പേപ്പട്ടിയാക്കുക തന്നെ. പിന്നെ തല്ലിക്കൊന്നാല്‍ ആരും ചോദിക്കില്ലെന്ന് മാത്രമല്ല കൊന്നവരെ അഭിനന്ദിച്ച് അരച്ചായ വാങ്ങിക്കൊടുക്കുകയും ചെയ്യും.
നെയ്യപ്പം തിന്നാല്‍ രണ്ട് കാര്യമെന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല. ടി.പി. വധത്തിന്റെ ക്ലൈമാക്സ് പാവങ്ങളുടെ പാര്‍ട്ടി വിചാരിച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് ചില ടാര്‍ഗറ്റഡ് ഏര്‍പ്പാടുകള്‍ ശാസ്ത്രീയമായി ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ ദേശീയപാത ഉപരോധിച്ചും പോലീസുകാരെ കല്ലെറിഞ്ഞും ഫോണില്‍ തെറി പറഞ്ഞും കോടതിക്കുനേരെ കണ്ണുരുട്ടിയും നടത്തിയ ഏര്‍പ്പാടുകള്‍ക്കാണ് ശാസ്ത്രീയ മുഖം കൈവന്നിരിക്കുന്നത്. കുലംകുത്തിയായ ടി.പി. രാസവളം കള്ളനാണെന്നുകൂടി പറഞ്ഞുവെച്ച പാവങ്ങളുടെ പാര്‍ട്ടിയുടെ നാവായ പത്രം വഴിയാണ് ചില ശാസ്ത്രീയ ഏര്‍പ്പാടുകള്‍ അരങ്ങു കാണുന്നത്. ടി.പി.യുടെ തന്നെ പണ്ടത്തെ സ്നേഹവാനായ ലേഖക കൂട്ടുകാരന് വഴി നേരൂഹന്‍ പത്രത്തിന്റെ (ജൂലായ് 10) ഒന്നാം പുറത്തില്‍ ഇങ്ങനെയൊരു കസര്‍ത്ത് കാണാം: അന്വേഷണോദ്യോഗസ്ഥന് മാധ്യമങ്ങളെ ഫോണില്‍ വിളിച്ചത് 3000 തവണ. വെണ്ടക്കയില്‍ ഇത് കൊടുത്തതിന്റെ ഉദ്ദേശ്യം ഏത് അരിയാഹാരക്കാരനും വ്യക്തം. ടി.പി. വധക്കേസ് അന്വേഷിക്കുന്ന ജോസി ചെറിയാന് എന്ന ഡിവൈഎസ്പിയെ ആണ് ടാര്‍ഗറ്റ് ചെയ്യുന്നത്. പാര്‍ട്ടിയുടെ ഭരണകാലത്ത് കേമനായ ഓഫീസറാണെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മനംമാറ്റമുണ്ടായത് എന്തുകൊണ്ട് എന്ന് ചോദിക്കരുത്.
ജോസി ചെറിയാനെയും അദ്ദേഹവുമായി ബന്ധപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെയും ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്ത കൊടുത്തതിന്റെ ഫലമെന്താണ്? വാര്‍ത്തകള്‍ നല്കിയ സകല ലേഖകന്മാരുടെയും മൊബെയില്‍ ഫോണിലേക്ക് അങ്കക്കോഴികളുടെ ധാര്‍ഷ്ട്യം ഒഴുകുന്നു; നിന്നെ കാണിച്ചുതരാമെന്ന തരത്തില്‍. നേരത്തെ എം.വി. ജയരാജന് കണ്ണൂരിലെ ഡിവൈഎസ്പി സുകുമാരനെ ഭീഷണിപ്പെടുത്തിയതിന്റെ മറ്റൊരു രൂപം. തങ്ങള്‍ക്കുനേരെ നീളുന്ന അന്വേഷണത്തെ കവലച്ചട്ടമ്പിയുടെ രീതിയിലൂടെ അവസാനിപ്പിക്കുക എന്ന നിലപാട്. ഒരു തരത്തിലും അന്വേഷണം മുമ്പോട്ടു പോകരുത്. പാലോറമാതയില് നിന്ന് തുടങ്ങിയ പാര്‍ട്ടി സ്വത്തുവകകള്‍ ഫ്ലാറ്റായും ചാനലായും ദശകോടികളില്‍ എത്തിനില്ക്കുമ്പോള് കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് ദാവൂദ് ഇബ്രാഹിമിലേക്ക് പരകായപ്രവേശം നടത്തേണ്ടതല്ലേ? ഒരു കാലത്ത് തങ്ങള്‍ക്കുവേണ്ടി തൂലികയും മൈക്കും ചലിപ്പിച്ചവര്‍ തങ്ങളുടെ ഉള്ളറകളിലേക്കു പ്രവേശിക്കുമ്പോള്‍ ഉണ്ടാകാവുന്ന പരിഭ്രാന്തി ആര്‍ക്കും മനസ്സിലാവും. എന്നാലും മനസ്സിലാകാത്ത ചിലരുണ്ട്.
അത്തരക്കാരെക്കുറിച്ചാണ് ജീവനില്‍ ഭീഷണിയുള്ള ഒരു ലേഖകന്‍ എഴുതിയിരിക്കുന്നത്, ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല എന്ന്. മാതൃഭൂമിയില്‍ ജൂലായ് 11ന് വന്ന ഈ ലേഖനം എഴുതിയിരിക്കുന്നത് പാവങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് അവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നയാളാണ്, ഷാജഹാന് കാളിയത്ത്. ചാനലിലെ ചര്‍ച്ചകളിലും പ്രസ്താവനകളിലും ഒരു വാള്‍മുന എന്നും ഷാജഹാന്റെ കഴുത്തിനു നേരെ നീണ്ടുവരാറുണ്ട്. അതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം സ്പഷ്ടം: അവന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്ക് ആയുധം നല്കുന്നു; അവനെ തകര്‍ക്കലാണ് പാവങ്ങളുടെ പാര്‍ട്ടി വളര്‍ത്താനുള്ള വഴി. ഇനി ഷാജഹാന് പറയുന്നത് ശ്രദ്ധിച്ചാലും: വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല. അടിയന്തരാവസ്ഥ ഭൂതകാലമല്ല. ഇച്ഛിക്കാത്തത് പറയുന്നത് വിരട്ടാനും സെന്‍സര്‍ ചെയ്യാനും നിശ്ശബ്ദനാക്കാനും പിന്നെ വകവരുത്താനുമുള്ള ആയുധം. ആ ആയുധം കൈയിലിരിക്കട്ടെ, നിങ്ങളുടെ വായിലെ എല്ലും അവിടെയിരിക്കട്ടെ. തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടു എന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം. അത്തരം സ്വാതന്ത്ര്യത്തിന് കൊടുക്കപ്പെടേണ്ടിവരുന്ന വില രുചികരമായി വായില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലു തന്നെ. ആ എല്ല് തുപ്പിക്കളഞ്ഞ് മാനവികതയുടെ മഹാകാശങ്ങളിലേക്ക് പറന്നുപോകാനുള്ള ചിറകുകള് തരണമെന്ന് പ്രാര്‍ത്ഥിക്കുന്ന എത്രപേര്‍ ഉണ്ടാവും. അനേകം ഇല്ലെങ്കിലും ഒന്ന് മതി. സൂര്യന് ഒന്നല്ലേയുള്ളൂ.
മൂഢസ്വര്‍ഗത്തില്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ചൂടും ചൂരും അറിയാനാവില്ല. അതിനെക്കുറിച്ചാണ് കെ. വേണു പറയുന്നത്: സിപിഎം നേതൃത്വം മൂഢസ്വര്‍ഗത്തില്‍. ജൂലായ് 12ലെ മാതൃഭൂമിയില്‍ ഇതു കാണാം. സിപിഎമ്മിനെപ്പോലെ ലെനിനിസ്റ്റ് പാര്‍ട്ടി ചട്ടങ്ങള്‍ ഇപ്പോഴും പാലിക്കുന്ന ഒരു പാര്‍ട്ടിയുടെ രണ്ട് ജില്ലാ കമ്മറ്റികള്‍ക്കു കീഴില്‍ വിവിധ നിലവാരത്തിലുള്ള പ്രവര്‍ത്തകര്‍ ഒരു കാര്യത്തിനുവേണ്ടി ഏകോപിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ സ്റ്റേറ്റ് കമ്മറ്റി നിലവാരത്തില്‍ തീരുമാനമെടുക്കണം എന്ന് വേണു പറയുന്നു. ആ തീരുമാനം കാലവിളംബമില്ലാതെ പുറത്തു വരുന്നതിന്റെ വെപ്രാളമാണ് ടാര്‍ഗറ്റ് രാഷ്ട്രീയമായും ടാര്‍ഗറ്റ് ജേര്ണലിസമായും മാറുന്നത്. മൂഢസ്വര്ഗവാസികള് മണ്ണിലേക്ക് വരാന്‍ അധിക താമസമുണ്ടാവില്ലെന്നു കരുതാം.
സിപിഎം ആത്മഹത്യയിലേക്കോ എന്നാണ് ദ സണ്‍ഡേ ഇന്‍ഡ്യന്‍ ചോദിക്കുന്നത്. അവരുടെ കവര്സ്റ്റോറിതന്നെയാണിത്. ടി. സതീശനാണ് ഇതപ്പര്യന്തമുള്ള പാര്‍ട്ടിയുടെ നിലപാടിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും തൂലികയുമായി പോവുന്നത്. ഒടുവില്‍ സതീശന്റെ ഈയൊരു ചോദ്യത്തിന് ഉത്തരം കാലം തരുമോ എന്ന് നമുക്ക് നോക്കാം: ഏതായാലും പാര്‍ട്ടി മൊത്തമായി “ഡീമോറലൈസ്ഡ്” അയിരിക്കുന്നു. ചോദ്യം ചെയ്യപ്പെടാനാവാത്ത നേതൃത്വത്തിന്റെ അബദ്ധങ്ങള്‍ പാര്‍ട്ടിയെ നയിക്കുന്നത് ആത്മഹത്യയിലേക്കോ? അതെ, തീപ്പന്തമാകുന്ന പാര്‍ട്ടി വഴി തെളിയിക്കുമോ സര്‍വതിനും തീയിടുമോ? രണ്ടായാലും നമുക്കു കാത്തിരുന്നു കാണുക.
വിധവകളെ ചട്ടം പഠിപ്പിക്കാനും പാര്‍ട്ടി തയ്യാറായാല്‍ അതില്‍ കുറ്റം കാണാമോ? കാരണം ഈ പാര്‍ട്ടി പാവങ്ങളുടെ, സമൂഹത്തിന്റെ മൊത്തം സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടിയല്ലേ? പക്ഷേ ടി.പി.യുടെ പ്രിയപ്പെട്ട ഭാര്യയ്ക്ക് അതൊന്നും മനസ്സിലാവുന്നില്ല. ഭര്‍ത്താവ് കൊല്ലപ്പെട്ടാല്‍ ഭാര്യ എങ്ങനെയൊക്കെ പെരുമാറണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് ശരിയാവില്ലെന്ന് പറയുന്നു രമ. മലയാളം വാരിക (ജൂലായ് 13)യില്‍ ഗീത എഴുതിയ വിധവകളെ ചട്ടം പഠിപ്പിക്കുമ്പോള്‍ ഉള്ളു പൊള്ളിക്കുന്ന കൃതിയാണ്. സഫ്ദര്ഹശ്മിയെ തെരുവില്‍ കുത്തിക്കൊന്ന അക്രമികളുടെ ക്രൗര്യത്തെ അതേ സ്ഥലത്ത് തെരുവുനാടകം നടത്തി നേരിട്ട മാലാഹാശ്മിക്ക് കരുത്തിന്റെ നട്ടെല്ലായി നിന്ന സിപിഎമ്മിന് രമയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഈ ഇരട്ടത്താപ്പെന്ന് ഉള്ളുതുറന്ന് ചിന്തിക്കുക. എന്നെ കണ്ടാല്‍ കോഴിക്കള്ളനെന്ന് തോന്നുമോ എന്ന സംശയം തീരാത്തിടത്തോളം കാലം അതങ്ങനെ തുടരും.
ടിപിയെ കൊത്തിയരിഞ്ഞവരോട് രമയ്ക്ക് ഒന്നേ പറയാനുള്ളൂ, ഇനി ഞാന്‍ പുറകോട്ടില്ല. പുറകോട്ട് പോയാല്‍ ടിപിയുടെ അര്‍ഥപൂര്‍ണമായ രാഷ്ട്രീയ നെഞ്ചുറപ്പിനെ നിരാകരിക്കുന്നു എന്നു വരും. രമയ്ക്ക് അത് സാധ്യമല്ല, മനുഷ്യത്വമുള്ള ആര്‍ക്കും അത് വയ്യ. എങ്ങനെയാണ് ആ നിലപാടിലേക്ക് താന്‍ എത്തിയതെന്ന് രമ ജനശക്തി വാരിക (ജൂലായ് 13)യില്‍ പറയുന്നു. പി. ഗീതയാണ് രമയുടെ ആശയദാര്‍ഢ്യത്തിന്റെ ഉള്ളറകളിലേക്ക് പോവുന്നത്. ഫേബിയര് ബുക്സ് ഉടന്‍ പുറത്തിറക്കുന്ന ‘കുലംകുത്തി’ എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണിത്. ടി.പി. വധത്തിന്റെ ഉള്ളറകളില്‍ സംശയത്തിന്റെ പാഴ്വിത്തുകള്‍ ഇപ്പോഴും പരതുന്നവര്‍ ഇതൊന്നും വായിക്കണം. ചന്ദ്രേട്ടന് തോറ്റിട്ടില്ല. നീതിമാന്റെ രക്തമാണത്. ചന്ദ്രേട്ടനെ തോല്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കൊന്നത്. മരണവിവരമറിഞ്ഞപ്പോള് ഉറക്കെ വിളിച്ചു പറയണമെന്നാണെനിക്കു തോന്നിയത്. ശരീരം കണ്ടപ്പോഴും ഞാനതാണ് പറഞ്ഞത്. എനിക്കങ്ങനെയാണപ്പോള് തോന്നിയത്. ഞാന്‍ കരഞ്ഞിരിക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചത് വെറുതെയായിട്ടില്ല. അതുകൊണ്ട് ചന്ദ്രേട്ടന്റെ ജീവിതം വെറുതെയായിട്ടില്ലെന്ന് എനിക്കു സമൂഹത്തെ ബോധ്യപ്പെടുത്തണം എന്ന് രമ പറയുമ്പോള്‍ അത് കടന്നുകാണുന്ന (കെ.കെ) രമയാവുന്നു. ആ രമയെ അപമാനിക്കാന്‍ തുനിയുന്ന ആരും മനുഷ്യസമൂഹത്തിന് ഭീഷണിയാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്.
ഇനി സുഹൃത്തായ ഒരു തന്ത്രിയുടെ ഭാഷണത്തിലേക്ക്: നല്ലയാളുകളെ ഭൂതമാവേശിച്ചാല് അതിന് ഉച്ചാടന ക്രിയ ചെയ്യണം. കളം വരയ്ക്കല്‍, ഗുരുതി, മന്ത്രം ചൊല്ലല്‍, അറ്റകൈക്ക് ചൂരല്‍ പ്രയോഗം. റഫറന്‍സ് വേണമെന്നുള്ളവര്‍ മണിച്ചിത്രത്താഴ് സിനിമയുടെ അന്ത്യഭാഗം കാണുക. ഭൂതം പോയാല്‍ ആള് മിടുക്കനോ മിടുക്കിയോ ആവും. സിപിഎമ്മിനെ ഇപ്പോള്‍ ഭൂതം പിടികൂടിയിരിക്കുന്നു. അതിന്റെ ഉച്ചാടനക്രിയകളാണ് അന്വേഷണം, കോടതി, ജയില്‍വാസം തുടങ്ങിയവ. സഹകരിക്കലാണ് നന്ന്. മനുഷ്യരുടെ പാര്‍ട്ടിക്ക് മനുഷ്യരുടെ മുഖം തന്നെ വേണമെന്ന് സമൂഹം ആഗ്രഹിക്കുന്നു. അത് തടസ്സപ്പെടുത്തരുത്. മരുന്ന് കഴിക്കാതെ രോഗം മാറില്ല. മരുന്നിന് കയ്പ്പായാലും കുടിച്ചേതീരൂ. എത്രകാലം എന്നത് രോഗത്തിന്റെ കാഠിന്യവും രീതിയും ഡോക്ടറുടെ അഭിപ്രായവും അനുസരിച്ചിരിക്കും. തല്ക്കാലം ക്ഷമിക്ക്വാ…………
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: