വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുനിത വില്യംസ് വോട്ടിടുന്നത് ബഹിരാകാശത്ത് നിന്ന്. ഇന്ന് തന്റെ രണ്ടാം ബഹിരാകാശ യാത്ര പുറപ്പെടുന്ന സുനിത നവംബര്‍ 12 നായിരിക്കും തിരികെ ഭൂമിയിലെത്തുക. നവംബര്‍ ആറിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സുനിതയ്ക്ക് വോട്ടിടാനായി വോട്ടിംഗ് ഫ്രം സ്പേസ് എന്ന പേരില്‍ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന് പ്രത്യേകസജ്ജീകരണമേര്പ്പെടുത്തും. ബഹിരാകാശയാത്രക്ക് മുമ്പായി നാസക്ക് നല്കിയ അഭിമുഖത്തില്‍ സുനിത വില്യംസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിയുമെന്നതിനാല്‍ മുന്‍കൂറായി വോട്ട് രേഖപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന് ഇതിനായൊരുക്കുന്ന സംവിധാനത്തെക്കുറിച്ച് പറഞ്ഞത്. ഫ്ലോറിഡയിലാണ് തനിക്ക് വോട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്റെ വോട്ടവകാശം വിനിയോഗിക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും സുനിത അറിയിച്ചു.
ബഹിരാകാശയാത്രികയായ സുനിത വില്യംസിന്റെ രണ്ടാം ദൗത്യത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ജപ്പാനില്‍നിന്നും റഷ്യയില്‍ നിന്നുമുള്ള സഹയാത്രികര്‍ക്കൊപ്പം ഖസാഖിസ്ഥാനിലെ ബെയ്കോണര് കോസ്മോഡ്രോമില്‍ നിന്നാണ് സുനിതയുടെ യാത്ര. ബഹിരാകാശത്തെ തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനൊപ്പം ആരോഗ്യകാര്യത്തിലും സുനിതയ്ക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ബഹിരാകാശയാത്രികരുടെ ദിനചര്യകളില്‍ വ്യായാമം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ബഹിരാകാശവാസം അസ്ഥികള്‍ക്കും പേശികള്‍ക്കും ദോഷം ചെയ്യുമെന്നതിനാലാണിത്. മുമ്പ് നടത്തിയ ബഹിരാകാശവാസത്തിലും സുനിത വില്യംസ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടതിനാല്‍ വ്യായാമത്തിനുള്ള കൂടുതല്‍ ഉപകരണങ്ങളുമായാണ് ഇത്തവണ അവരുടെ യാത്ര. പ്രപഞ്ചത്തെക്കുറിച്ച് കൂടുതലറിയാന്‍ ബഹിരാകാശത്ത് ഉപനിഷത്പഠനം നടത്താനും സുനിത തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യന്‍വംശജയായ സുനിതയുടെ അച്ഛന് ഡോ.ദീപക് പാണ്ഡ്യ ഗുജറാത്ത് സ്വദേശിയാണ്. ഗുജറാത്തില്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ മടിക്കുന്നവര്‍ക്ക് സുനിതയുടെ നടപടി പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാസക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ ഇന്ത്യന്‍ പശ്ചാത്തലത്തെക്കുറിച്ചും സുനിത വാചാലയാകുന്നുണ്ട്. താന്‍ ഇന്ത്യന്‍ വംശജയാണെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സ്വിമ്മിംഗ് സ്യൂട്ടില്‍ നീന്തല്‍ പരിശീലനത്തിന് എത്തുന്ന തന്നെയും സഹോദരങ്ങളെയും ഇന്ത്യന്‍ സ്വിമ്മേഴ്സ് എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നതെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
1957 ലാണ് സുനിതയുടെ കുടുംബം അഹമ്മദാബാദില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. സുനിതയുടെ ബഹിരാകാശയാത്രയെ അഭിമാനത്തോടെയാണ് ഓരോ ഇന്ത്യക്കാരനും നിരീക്ഷിക്കുന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സുനിത മടങ്ങിവരാനുള്ള പ്രാര്‍ത്ഥനയിലാണ് ഗുജറാത്ത് . 2008 ലെ ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ സുനിത ഗുജറാത്തില്‍ വന്നിരുന്നു. അന്നവര്‍ സന്ദര്‍ശിച്ച സ്കൂളിലെ കുട്ടികള്‍ സുനിതയുടെ രണ്ടാം ദൗത്യം വിജയകരമാകാന്‍ പ്രാര്‍ത്ഥനയും പ്രത്യേക പൂജയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: