ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വാറ്റ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ശക്തമായ ബോംബ്സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. റോഡിന് സമീപത്ത് അവാമി നാഷണല്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിയുടെ സമീപത്തായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ അവാമി നാഷണല്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് മാലിക് ഹുസൈനും എട്ട് വയസുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തെത്തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ചതായും ദൃക്സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടവര്‍. റോഡിന് സമീപം ബോംബ് ഘടിപ്പിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്നതായും അത് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ രാജ പര്‍വേസ് അഷ്റഫ് ബലൂചിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സ്ഫോടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: