കൊച്ചി: ഏലൂര്‍ ഭാഗത്ത് ഷാഡോ പോലീസ് നടത്തിയ തിരച്ചലില്‍ ഇഎസ്ഐ ഹോസ്പിറ്റലിനു പിന്‍വശത്തു നിന്നു അനധികൃതമായി വഞ്ചിയില്‍ നിന്നു മണല്‍ കടത്തുകയായിരുന്ന രണ്ടു പേരെയും ഏകദേശം 150 അടിമണലും, വഞ്ചിയും, ഒരു ടിപ്പര്‍ ലോറിയും, രണ്ടു ബൈക്കും ഷാഡോപോലീസ് പിടികൂടി.
കൊല്‍ക്കത്ത സ്വദേശികളായ ബഷാദുല് (23), ലാലൂന് മലീന (25) എന്നിവരെയാണ് പിടികൂടിയത്. പോലീസിന്റെ ശക്തമായ നടപടികളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്ന മണല്‍ക്കടത്ത് എതാനും ദിവസങ്ങളായി പുനരാരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാറിനു വിവരം കിട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ഗോപാലകൃഷ്ണപിള്ളയുടെയും സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്റെയും മേല്‍നോട്ടത്തില്‍ ഷാഡോപോലീസ് നടത്തിയ തിരച്ചിലിലാണ് അനധികൃത മണല്‍വാരല്‍ പിടികൂടിയത്. ഷാഡോ എസ്.ഐ.മുഹമ്മദ് നിസാര്‍, ഏലൂര്‍ എസ്ഐ സലിം, ഷാഡോ പോലീസുകാരായ ഉമ്മര്‍,അബ്ദുള്‍ മനാഫ്, സാനുമോന്, സുബിന്‍ദാസ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. പുഴകളില്‍ നിന്നു മണല്‍ കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ കേരള നദിതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ ആക്ടും പ്രകാരം കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: