ഇസ്ലാമാബാദ്: പാക് സൈനികര്‍ക്ക് നേരെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരെയും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് താലിബാന് മുന്നറിയിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച പാക്കിസ്ഥാനിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീകരസംഘടന പാക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അഫ്ഗാനിലെ നാറ്റോ പാത തുറന്നതിനെതിരെയാണ് ആക്രമണമെന്ന് നേരത്തെതന്നെ ഭീകരസംഘടനകള്‍ അറിയിച്ചിരുന്നു. നാറ്റോ പാത അടച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും തുടരുമെന്നാണ് മുന്നറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.
പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ള തെഹ്രിക് ഇ-താലിബാനാണ് തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദികളെന്ന് അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാറ്റോപാത അടച്ചിടുന്നതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള പ്രസിദ്ധീകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിലുണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് നാറ്റോപാത അടച്ചിട്ടത്. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം സംഭവത്തില്‍ യുഎസ് മാപ്പ് പറഞ്ഞതിനുശേഷമാണ് കഴിഞ്ഞയാഴ്ച അഫ്ഗാനിലേക്കുള്ള പാത പാക് സര്‍ക്കാര്‍ തുറന്ന് നല്‍കിയത്. ഇതിനെതിരെ പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: