കൊച്ചി: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് പ്രാപ്തമാക്കി എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംസ്ഥാനത്തിന് മാതൃകയാകുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യുകയും സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകുന്ന താത്കാലിക ഒഴിവുകളില്‍ മാത്രം നിയമനം നടത്തുകയും ചെയ്തിരുന്ന ശൈലിയാണ് പഴങ്കഥയായിരിക്കുന്നത്.
ഈ വര്‍ഷം തുടക്കത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച ടെക്നോഡ്രൈവ് 2012 റിക്രൂട്ട്മെന്റ് പ്രോഗ്രാമിലൂടെ 1114 പേരാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടിയത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, ഐടി, വാഹന വ്യവസായം തുടങ്ങിയ വിവിധ രംഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാനെത്തി. തുടര്‍ന്നും ഇത്തരം റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.
ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സമ്പൂര്‍ണമായി കമ്പ്യൂട്ടര്വത്കരിക്കപ്പെട്ടതോടെ ഓഫീസുകളുടെ മുഖഛായ തന്നെ മാറി. സ്മാര്‍ട്ട് കരിയര്‍ റൂം, കരിയര്‍ ലൈബ്രറി എന്നിവ പ്രയോജനപ്പെടുത്താനായി നിരവധി ഉദ്യോഗാര്‍ഥികളാണ് ജില്ലാ എക്സ്ചേഞ്ചിലെത്തുന്നത്. ഉപരിപഠനത്തിലേക്കും തൊഴിലവസരങ്ങളിലേക്കും വഴി കാട്ടാനുള്ള പ്രസിദ്ധീകരണങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം പുറത്തിറക്കുന്നു. ഉപരിപഠനത്തിന്റെ ആകാശസീമകള്‍ എന്ന മള്‍ട്ടിമീഡിയ പ്രസന്റേഷന്, വി.ജി ന്യൂസ് തുടങ്ങിയവ എക്സ്ചേഞ്ചിന്റെ പുതിയ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.
സിവില്‍ സര്‍വീസ് അടക്കം വിവിധ മത്സരപരീക്ഷകളില്‍ ഒന്നാമതെത്തിയവരും ഉദ്യോഗാര്‍ഥികളുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആവിഷ്കരിച്ചിരിക്കുന്ന മറ്റൊരു പരിപാടി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയ എ.ആര്. രാഹുല്നാഥുമായുള്ള മുഖാമുഖത്തില്‍ അഞ്ഞൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 14317 തൊഴില്‍ രഹിതര്‍ക്കായി കഴിഞ്ഞ വര്‍ഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിതരണം ചെയ്തത് 1.66 കോടി രൂപയാണ്. അശരണരും ആലംബഹീനരുമായവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ശരണ്യ പദ്ധതിയില്‍ 94 പേര്‍ക്കായി 14.54 ലക്ഷം രൂപ വായ്പ നല്കി. സ്വയം തൊഴില്‍ സംരഭക പരിപാടിയില്‍ സബ്സിഡിയായി 5.22 ലക്ഷം രൂപയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: