ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഭുലന്ത്ഷാഹറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാന്‍ തൂപ്പുജോലിക്കാരനും. ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ അറിവോടെയാണ് ഇയാള്‍ രോഗികളെ ചികിത്സിക്കുന്നത്.
കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ രഹസ്യകാമറ ഓപ്പറേഷനിലാണ് തൂപ്പുകാരന്റെ ചികിത്സ പുറംലോകം അറിഞ്ഞത്. ആശുപത്രിയില്‍ ചികിത്സിക്കാന്‍ 23 ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും മുറിവുമായെത്തുന്ന രോഗികള്‍ക്കു സ്റ്റിച്ച് ഇടുന്നതു പോലും ഈ തൂപ്പുജോലിക്കാരനാണ്. ആശുപത്രിയില്‍ സ്വൈര്യവിഹാരത്തിനു അനുമതി ലഭിച്ചിരിക്കുന്ന ഇയാളെ ഇവിടെ ആരും ചോദ്യം ചെയ്തിട്ടില്ല.
വാര്‍ത്ത പുറത്തു വന്നതോടെ ആശുപത്രി മേധാവി കാലുമാറി. തനിക്ക് ഇയാളെക്കുറിച്ച് യാതൊന്നുമറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ചില സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്കാന് ഇയാള്‍ സഹായിക്കാറുണ്ടെന്നും എന്നാല്‍ രോഗികള്‍ക്കു സ്റ്റിച്ചിട്ട സംഭവത്തേക്കുറിച്ച് അറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണത്തിനു ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി അഹമ്മദ് ഹസന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: