ഇടുക്കി ജില്ലയില്‍ തൊടുപുഴ പട്ടണത്തിലാണ് ചരിത്ര പ്രസിദ്ധമായ കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം. എഴുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള മഹാക്ഷേത്രം. ക്ഷേത്രത്തിനു മുന്നിലൂടെ വിശുദ്ധിവിതറിക്കൊണ്ട് തൊടുപുഴയാര്‍ ഒഴുകുന്നു. ഈ ആറിന്റെ കടവിലാണ് ശിവരാത്രിയ്‌ക്കും കര്‍ക്കിടകവാവിനും ബലി തര്‍പ്പണം നടത്തുന്നത്. ക്ഷേത്രത്തിനുമുന്നില്‍ ആരെയും ആകര്‍ഷിക്കുന്ന അലങ്കാരഗോപുരം. നാലുനിലകള്‍, ആധുനിക രീതിയില്‍ പണിതിരിക്കുന്ന ബൃഹത്തായ ഗോപുരത്തിന് തമിഴ്‌നാട്ടിലെ ക്ഷേത്രശില്‍പ്പ മാതൃക. അതിന്റെ മധ്യഭാഗത്തെ ശിവപാര്‍വതി പ്രതിമ. മഹാദേവന്റെ ശിരസ്സില്‍ നിന്നും ഗംഗയൊഴുകുന്നതും കഴുത്തിലെ സര്‍പ്പം ചലിക്കുന്നതും വിസ്മയാവഹമാണ്. ഗോപുരത്തിനു മുന്നില്‍ ഒരു പ്രത്യേക സ്ഥാനത്തുനിന്നുവേണം നോക്കാന്‍. പടി കയറി ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍. അതിന്റെ കമനീയമായ കല്‍ത്തൂണുകള്‍. അതിനുമുന്നില്‍ ധ്വജം. ബലിക്കല്ലുണ്ട്. മുഖമണ്ഡപത്തിലും ശ്രീകോവിലിലും ശില്‍പ്പങ്ങള്‍.
ശ്രീകോവിലില്‍ ശിവലിംഗപ്രതിഷ്ഠ. ഉമാമഹേശ്വര സങ്കല്‍പ്പം. പടിഞ്ഞാറോട്ട് ദര്‍ശനം. മൂന്നുനേരം പൂജ. അകത്ത് കന്നിമൂലയില്‍ ഗണപതിയും നാലമ്പലത്തിനുപുറത്ത് ദക്ഷിണഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി അമൃതകല ശാസ്താവും വടക്കുഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായി ദുര്‍ഗാദേവിയും കുടികൊള്ളുന്നു. കൂടാതെ പുഴക്കടവിലുള്ള മൂകാംബില്‍ ഭഗവതിയും ഉപദേവ പ്രതിഷ്ഠകളാണ്. ചുറ്റുമതിലിനകത്ത് നാഗരാജാവും നാഗയക്ഷിയും കൂടെ ഗണപതിയുമുണ്ട്. ധാരയാണ് പ്രധാന വഴിപാട്. ശനിദോഷനിവാരണത്തിനും ഗ്രഹപ്പിഴകള്‍ മാറി ഐശ്വര്യം കൈവരുന്നതിനും നൂറ്റൊന്നു കുടം ജലധാരയുമുണ്ട്. ഉമാമഹേശ്വര പൂജയും മൃത്യുഞ്ജയഹോമവും ഗണപതിഹോമവും കൂവളത്തില പുഷ്പാഞ്ജലിയും കൂടുതലായി നടന്നുവരുന്ന വഴിപാടുകളാണ്. ദേവിക്ക് പട്ടുചാര്‍ത്തലും ശാസ്താവിന് നെയ് വിളക്കും വഴിപാടായുണ്ട്. കുടുംബ ഐശ്വര്യത്തിനായി അനുഷ്ഠിക്കുന്ന പ്രദോഷവ്രതത്തിന് പ്രാധാന്യം ഏറിവരികയാണ്. മാസത്തില്‍ ഒരു ദിവസം ജലപാനം പോലുമില്ലാതെ പഞ്ചാക്ഷരീമന്ത്രം മനസ്സില്‍ ധ്യാനിച്ച് കഴിയുകയും വൈകിട്ട് ക്ഷേത്രത്തില്‍നിന്ന് പ്രദക്ഷിണം കഴിഞ്ഞ് ദീപാരാധനയ്‌ക്കുശേഷം കരിക്കിന്‍ വെള്ളം കുടിച്ച് വ്രതം അവസാനിപ്പിക്കുന്നു. മണ്ഡലകാലത്തു തുടങ്ങി മകരവിളക്കുവരെ എല്ലാ ദിവസവും പ്രത്യേക ദീപാരാധനയുണ്ട്. വിനായകചതുര്‍ത്ഥിക്ക് പ്രസിദ്ധമായ ആനയൂട്ടുണ്ട്. ഈ ദിവസം അഷ്ടദ്രവ്യഹോമവും നവരാത്രിക്ക് സംഗീതസദസ്സും കുട്ടികളുടെ അരങ്ങേറ്റവും നടന്നുവരുന്നു.
ധനുമാസത്തിലെ തിരുവാതിര മഹോത്സവമായി പത്തുദിവസം ആഘോഷിച്ചുവരുന്നു. ഓരോ ദിവസവും വൈകിട്ട് ദീപാരാധനയ്‌ക്കുശേഷം സ്ത്രീകളുടെ തിരുവാതിരക്കളിയുണ്ടാകും. ഇക്കാലത്ത് കുട്ടികളുടെ തിരുവാതിര അരങ്ങേറ്റവും നടക്കും. അശ്വതി നാളില്‍ കാരിക്കോട് ദേവീക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയുണ്ട്. കര്‍ക്കിടകവാവ് ബലിതര്‍പ്പ ണം വിപുലമായി ആഘോഷിക്കുന്നു. ശിവരാത്രിയാണ് പ്രധാന ഉത്സവം. കൊടിയേറിയുള്ള ഉത്സവം എട്ടുദിവസമാണ്. തൊടുപുഴയാറിന്റെ കടവിലാണ് ആറാട്ട്. ആറാംദിവസത്തെ ഉത്സവ ബലിയും കൊടിമൂട്ടിലെ പറയും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. അന്ന്തന്നെ അന്നദാനവും മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലേയ്‌ക്ക് എഴുന്നെള്ളത്തുമുണ്ടാകും. വഴിപാടായി കാവടിയാട്ടവുമുണ്ട്. ഇവിടത്തെ കല്യാണമണ്ഡപവും എല്ലാ മലയാളമാസം ഒന്നാം തീയതി സാധുജനങ്ങള്‍ക്ക് അഞ്ചുകിലോ അരിയും നല്‍കുന്നതുപോലുള്ള നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: