പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ ആറോളം പാലങ്ങളില്‍ ചൂണ്ടയിടല്‍ നിരോധിച്ച കൊച്ചി ട്രാഫിക്ക്പോലീസ് വിഐപികള്‍ ചൂണ്ടയേന്തി പാലത്തിലെത്തിയപ്പോള്‍ സല്യൂട്ട് ചെയ്ത് ഇളിഭ്യരായി നില്ക്കേണ്ടിവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തോപ്പുംപടി ബിഒടി പാലത്തില്‍ വച്ച് ഏറുചൂണ്ടയിലെ കൊളുത്ത് ഇതുവഴി സഞ്ചരിച്ച ബൈക്ക് യാത്രികരുടെ ദേഹത്ത് ഉടക്കി പരിക്കേറ്റിരുന്നു. പള്ളുരുത്തി സ്വദേശി ബിന്ദുവിന്റെ ദേഹത്ത് ഉടക്കിയ ചൂണ്ടക്കൊളുത്ത് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഇതേത്തുടര്‍ന്ന് പശ്ചിമകൊച്ചിയിലെ പാലങ്ങളില്‍ ചൂണ്ടയിടല്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി ട്രാഫിക്ക് പോലീസ് രംഗത്തുവന്നു. ഗതാഗതത്തിനായുള്ള പാലങ്ങളില്‍ ചൂണ്ടയിടല്‍ പോലുള്ള മത്സ്യബന്ധനരീതി അനുവദിക്കില്ലെന്നായിരുന്നു ട്രാഫിക്ക് പോലീസിന്റെ നിലപാട്. ഇതിനായി പാലങ്ങളില്ബോര്ഡ് വെക്കുന്നതിനും, ചൂണ്ടയിടുന്നവരെ തടയുന്നതിനായി പോലീസിന് കത്ത് എഴുതിനല്‍കുകയും ചെയ്തു. പോലീസിന്റെ ഉത്തരവിന് പുല്ലുവിലനല്കിയാണ് പാലത്തില്‍ മത്സരം സംഘടിപ്പിച്ചത്. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരും, ഐജിയും മുഖ്യാതിഥിയായെത്തിയപ്പോള്‍ ബഫൂണുകളായി മാറുകയായിരുന്നു പോലീസ്.
ചൂണ്ടക്കാരനായി ഉണ്ണികൃഷ്ണന്
പള്ളുരുത്തി:ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ മത്സരത്തിനൊടുവില്‍ ഏറ്റവും നല്ല ചൂണ്ടക്കാരനായി തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന് മാറി. ഇന്നലെ തോപ്പും പടി ഹാര്‍ബര്‍ പാലത്തില്‍ നടന്ന ചൂണ്ടയിടല്‍ മത്സരം ആദ്യന്തം ആവേശവും രസകരവുമായിരുന്നു. ആരാകും ആ ചൂണ്ടക്കാരന് എന്ന പേരില്‍ കേരള ഹാറ്റ്സും, ഹോംസ്റ്റേ അസോസിയേഷനും ചേര്‍ന്ന് നടത്തിയ ചൂണ്ടയിടല്‍ മത്സരത്തില്‍ നൂറ്റമ്പതോളം പേര് പങ്കാളികളായി. ഒരു മണിക്കൂര്‍ മത്സരദൈര്ഘ്യത്തിനുള്ളല് ഏറ്റവും കുറഞ്ഞ സമയത്തിനകം തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്റെ ചൂണ്ടകൊളുത്തില്‍ കൂരി കുടുങ്ങി. കൂടിനിന്നവര്‍ ആവേശപൂര്‍വ്വം പ്രോത്സാഹനം നല്കുന്നുണ്ടായിരുന്നു. ഒരു മിനിറ്റിനുള്ളിലാണ് ഉണ്ണികൃഷ്ണന് മത്സരജേതാവായത്. മുണ്ടം വേലിയസ്വദേശി മരിയാദാസിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് മാളാനായിരുന്നു. മാളാന് പിടിച്ചതോടെ ഏറ്റവും വലിയ മത്സ്യം പിടിച്ചയാളായി മരിയാദാസ് മാറി. വൈപ്പിന്‍കാരന്‍ സക്കറിയയാണ് ഏറ്റവുമധികം മീന്‍ പിടിച്ചത്. രാവിലെ 9ന് മത്സരം കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഡൊമനിക്ക് പ്രസന്റേഷന്, മേയര്‍ ടോണി ചമ്മണി എന്നിവരും ചൂണ്ടയിടല്‍ മത്സരത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: