ന്യൂദല്‍ഹി: പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍നിന്നും പോളിയോ വൈറസുകള്‍ ഇന്ത്യയിലേക്ക് കടക്കുമെന്നതിന്റെ തെളിവുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷമായി ഇന്ത്യയില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അതിര്‍ത്തി കടന്നുള്ള പോളിയോ വൈറസ് ഇന്ത്യയിലേക്ക് കടക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.
‘ലാന്‍സെറ്റ്’ എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2008 മുതല്‍ 2011 വരെ ഈ രാഷ്ട്രങ്ങളിലെ പ്രദേശങ്ങളില്‍ പോളിയോ വാക്സിനുകള്‍ ഉപയോഗിച്ചിട്ടില്ല. 2006 മുതല്‍ 2011 വരെ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതികള്‍ വളരെ കുറവാണെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് ഇതുവരെ പോളിയോ വൈറസുകള്‍ വലിയ തോതില്‍ പടര്ന്നുപിടിച്ചിരിക്കുന്നതെന്നും ഇവിടങ്ങളില്‍ ശരിയായ രീതിയില്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്ന് വയസ്സിന് താഴെ 25-33 ശതമാനം കുട്ടികള്‍ മാത്രമാണ് 2011 ല്‍ പോളിയോ തുളളിമരുന്നുകള്‍ സ്വീകരിച്ചത്.
2001 ജനുവരി ഒന്നുമുതല്‍, 2011 ഡിസംബര്‍ വരെ 883 പോളിയോ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 710 പാക്കിസ്ഥാനിലും 173 അഫ്ഗാനിസ്ഥാനിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും പാക്കിസ്ഥാനില്‍നിന്നാണ്. 40 ശതമാനം കുട്ടികളാണ് മൂന്ന് വര്‍ഷമായി പാക്കിസ്ഥാനിലെ ഫാറ്റയിലും തെക്കന്‍ അഫ്ഗാനിസ്ഥാനിലും പോളിയോ രോഗബാധക്ക് അടിപ്പെട്ടിട്ടുള്ളത്. രാഷ്ട്രങ്ങളിലെല്ലാം വെച്ചുനോക്കുമ്പോള്‍ 60 ശതമാനം പോളിയോ രോഗബാധയും പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകം മുഴുവനുമുള്ള റെക്കോര്‍ഡ് വിവരങ്ങള്‍ എടുക്കുമ്പോള്‍ 34 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് പാക്കിസ്ഥാനിലാണ്. പാക്കിസ്ഥാനിലെ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളാണ് ഇതിനെല്ലാം കാരണമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതിര്‍ത്തി കടന്നുള്ള പോളിയോ വൈറസ് രാജ്യത്തിന് ഭീഷണിയാകുമെന്ന് നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരുവര്‍ഷമായി ഇന്ത്യ പോളിയോ രഹിത രാഷ്ട്രമാണെന്ന പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: