വടകര : ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഎമ്മിന്റെ ഉന്നതങ്ങളില്‍ ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണസംഘം വടകര ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ ചോദ്യം ചെയ്തപ്പോള്‍ ഇതുവരെ പ്രതികരിച്ചില്ലെന്നും ഉന്നതരുടെ പങ്ക് വ്യക്തമാക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ 11 മണിയോടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് മോഹനനെ കോടതിയില്‍ ഹാജരാക്കിയത്.
പോലീസിന് എതിരെ എന്തെങ്കിലും പരാതി പറയാനുണ്ടോ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്ന മറുപടി നല്കി. ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡി വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അഞ്ച് ദിവസംകൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ഉത്തരവിട്ടു. കേസ് മാറ്റിവെച്ച് കോടതി വിചാരണ മുറിയുടെ പിന്‍ഭാഗത്ത് വെച്ച് അഞ്ച് മിനിട്ട് അഭിഭാഷകനുമായി സംസാരിക്കാന്‍ മോഹനന് അനുമതി നല്കി. ഇതിന് ശേഷമാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്.
കേസിലെ മറ്റൊരുപ്രതിയായ സിപിഎം തലശ്ശേരി ഏരിയാകമ്മറ്റി അംഗം പി.പി.രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ഹര്‍ജി കോടതി തള്ളി. ഈ മാസം 20 വരെയാണ് രാമകൃഷ്ണന്റെ റിമാന്റ് കാലാവധി നീട്ടിയത്. രാമകൃഷ്ണനെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയ സമയത്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടുനില്‍കിയെങ്കിലും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിചികിത്സയില്‍ കഴിഞ്ഞ രാമകൃഷ്ണനെ കോടതിയില്‍ ഹാജരാക്കാതെ മജിസ്ട്രേറ്റ് റിമാന്റ് കാലാവധി നീട്ടുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായത്കാരണം രാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതെ തുടര്‍ന്നാണ് ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്ക് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കൊലയാളി സംഘാംഗം ടി.കെ.രജീഷിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് അഡ്വ. കെ. അജിത്ത്കുമാര്‍ മുഖേന ഫയല്‍ ചെയ്ത സ്വകാര്യ അന്യായം കോടതി തള്ളി. കേസിലെ മറ്റ് പ്രതികളായ സിപിഎം കുന്നുമ്മക്കര ലോക്കല്‍കമ്മറ്റി അംഗം ചെറിയപറമ്പത്ത് കെ.സി. രാമചന്ദ്രന്, കോടിയേരി മൂഴിക്കല്‍ മാറോളികാട്ടില്പറമ്പത്ത് അഭി എന്ന അഭിനേഷ്, തലശ്ശേരി പാണ്ടിവയല്‍ പിരാടിയില് അജേഷ് എന്ന കജൂര്‍ അജേഷ് എന്നിവരുടെ റിമാന്റ് കാലാവധി ഈ മാസം 20 വരെ നീട്ടി. പി.മോഹനനെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതിവാദം കേള്‍ക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: