കൊച്ചി: രാത്രികാലങ്ങളില്‍ കൊച്ചി തീരങ്ങളില്‍ എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളില്‍ സഞ്ചരിച്ച് ഷിപ്പ്യാര്ഡില്നിന്നും മറ്റും ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയെ ഷാഡോ പോലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി മംഗലത്ത് പറമ്പില്‍ കാസിമിന്റെ മകന് മുള്ളന്‍ ഖാലിദ് എന്ന ഖാലിദ് ആണ് പിടിയിലായത്. ഷിപ്പ്യാര്‍ഡിലും മറ്റ് തീരപ്രദേശങ്ങളിലും രാത്രി കായലിലൂടെ വഞ്ചിയിലെത്തുന്ന സംഘം കപ്പലിന്റെയും മറ്റും നിര്‍മ്മാണസാമഗ്രികള്‍ കടത്തിക്കൊണ്ടുവന്ന് മറ്റ് വാഹനങ്ങളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്.
ഏതാനും ദിവസം മുമ്പ് കൊച്ചിന്പോര്ട്ടില്നിന്നും 1200 ഓളം ലിറ്റര്‍ എഞ്ചിന് ഓയിലും പള്ളുരുത്തിയില്‍നിന്ന് ഒന്നര ടണ്ണോളം ഇരുമ്പ് കമ്പിയും മോഷണം പോയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത് കുമാര്‍ ഐപിഎസ് ഷാഡോ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്റെയും ഷാഡോ എസ്ഐ മുഹമ്മദ് നിസാറിന്റെയും നേതൃത്വത്തില്‍ പ്രത്യേക ഷാഡോ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഷാഡോ സംഘം നടത്തിയ അന്വേഷണത്തില്‍ ഇന്നലെ മോഷണത്തിനായി രണ്ട് വഞ്ചികള്‍ പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു വഞ്ചി നിറയെ ഇരുമ്പ് സാധനങ്ങളുമായി സംഘത്തലവന് പിടിയിലാവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി ഫോര്‍ട്ടുകൊച്ചി പോലീസ് തെരച്ചില്‍ ശക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഫോര്‍ട്ടുകൊച്ചി എസ്ഐ പ്രദീപ്, ഷാഡോ എസ്ഐ മുഹമ്മദ് നിസാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, ബെന്നി, വിലാസന്, ജാബിര്‍, ഷാജി, രതീഷ്, സലീഷ് എന്നിവര്‍ തെരച്ചിലില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: