മട്ടാഞ്ചേരി: പദ്ധതികള്‍ പാളിയതോടെ പശ്ചിമ കൊച്ചിയില്‍ നായ ശല്യം രൂക്ഷമായി. പകലും രാത്രിയുമില്ലാതെ പ്രധാന റോഡുകളിലും ഇടറോഡുകളിലും നായ്ക്കൂട്ടങ്ങള്‍ ജനങ്ങളില്‍ ഭീതിപരത്തുകയും ആക്രമണോത്സുകരാകുകയും ചെയ്യുകയാണ്. തെരുവ് നായ്ക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രഭാത-സന്ധ്യാ സവാരിക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്നത് നിത്യസംഭവമായിരിക്കയാണ്.
നായപിടിത്തം, വന്ധ്യംകരണം, കൂട്ടിലാക്കി നഗരം കടത്തല്‍ തുടങ്ങിയ കൊച്ചിന് കോര്‍പ്പറേഷന്റെ തെരുവ്നായ നേരിടല്‍ പദ്ധതികളെല്ലാം ഫലം കാണാതെ പാഴാകുകയാണ് ചെയ്തതെന്ന് രഹസ്യമായി നഗരസഭാധികൃതരും സമ്മതിക്കുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും തുടര്‍ക്കഥയാകുകയും നായ്ക്കൂട്ടങ്ങളുടെ എണ്ണം നിയന്ത്രണാതീതമാകുകയും ചെയ്യുന്നത് പശ്ചിമകൊച്ചി നിവാസികള്‍ക്ക് ‘പഞ്ഞ കര്‍ക്കിടക’ നാളുകളെ കൂടുതല്‍ അപകട നാളുകളാക്കി മാറ്റുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ ചില ദിക്കുകളില്‍ നായ്ക്കൂട്ടങ്ങള്‍ നാല്ക്കാലികളെയും ആക്രമിച്ച് കൊന്നൊടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നായ പിടിത്തത്തിന്റെ പരാജയം നഗരസഭയുടെ നയത്തിന്റെയും വീക്ഷണത്തിന്റെയും പരാജയമായാണ് ചൂണ്ടിക്കാട്ടുന്നത്. നായ പിടിത്തക്കാര്‍ കൊന്നൊടുക്കുന്ന നായ്ക്കൂട്ടങ്ങളെ കുഴിച്ചുമൂടുവാന്‍ കൊച്ചി നഗരപ്രദേശങ്ങളിലോ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലോ ആവശ്യമായ സ്ഥലമില്ലെന്നാണ് പറയുന്നത്. ഒപ്പം ഇതിനെ സമീപത്തെ ജനങ്ങള്‍ എതിര്‍ക്കുകയും ചെയ്യുന്നു. മൃഗസംരക്ഷണ സമിതികളുടെ പേരില്‍ ചില പ്രദേശങ്ങളില്‍ നായ പിടിത്തക്കാരെ കൈകാര്യം ചെയ്യുന്ന അവസ്ഥയും തെരുവ് നായ വര്‍ധനവിന് കാരണമായി. തെരുവ്നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ആദ്യഘട്ടത്തില്‍ത്തന്നെ പാളിയത് വ്യക്തമായ നയമില്ലാത്തത് മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
പള്ളുരുത്തിയിലും ചുള്ളിക്കലും നായ വന്ധ്യംകരണ കേന്ദ്രം തുടങ്ങുവാന്‍ നഗരസഭ തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്ന് ഭൂരിപക്ഷ മതവിഭാഗത്തിന്റെ ശ്മശാനമായിരുന്നു. നഗരസഭയുടേതായുള്ള ഒട്ടേറെ പുറമ്പോക്ക് പ്രദേശങ്ങളെ ഒഴിവാക്കി നടത്തിയ ശ്രമങ്ങള്‍ പ്രതിഷേധത്തിനിടയാക്കിയതോടെ നായ വന്ധ്യംകരണ കേന്ദ്രമെന്ന പദ്ധതി നഗരസഭയുടെ ചുവപ്പുനാടയിലും കുടുങ്ങി. കൂടാതെ വന്ധ്യംകരണത്തിനായി നായകളെ പിടികൂടുവാനുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിലും നഗരസഭാധികൃതര്‍ പരാജയപ്പെടുകയും ചെയ്തു.
തെരുവ്നായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ കോടതി ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് നഗരസഭ വിഭാവനം ചെയ്ത തെരുവ്നായ്ക്കളെ കൂട്ടിലാക്കി നഗരം കടത്തല്‍ പദ്ധതിയും ഫലം കണ്ടില്ല.
പശ്ചിമകൊച്ചിയിലെ ജനങ്ങള്‍ തെരുവ്നായ ശല്ല്യംമൂലം ഭയവിഹ്വലരായി കഴിയുകയാണ്. ഒഴിഞ്ഞ കെട്ടിടങ്ങള്‍, പണിതീരാത്ത സര്‍ക്കാര്‍-സ്വകാര്യ സ്ഥാപന കെട്ടിടങ്ങള്‍, ഒഴിഞ്ഞ പറമ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് തെരുവ്നായ്ക്കൂട്ടങ്ങള് വളര്‍ന്നുവരുന്നത്. ഫോര്‍ട്ടുകൊച്ചി ടൂറിസംകേന്ദ്രം, മട്ടാഞ്ചേരി ബസാര്‍, ജ്യോൂടൗണ്‍, ചെറളായി, പാണ്ടിക്കുടി, ചുള്ളിക്കല്‍, ദ്രോണാചാര്യ റോഡ്, രാമേശ്വരം കോളനി റോഡ്, നസ്രത്ത് ദേവാലയം റോഡ്, കരുവേലിപ്പടി, കൊച്ചങ്ങാടി, തോപ്പുംപടി, വാല്യുമ്മേല് കോളനി റോഡ് തുടങ്ങി പശ്ചിമകൊച്ചിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവ്നായ ശല്യം രൂക്ഷമായിരിക്കയാണെന്ന് വിവിധ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
കാല്‍നട യാത്രക്കാര്‍ക്കെന്നപോലെ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും നായ്ക്കൂട്ടങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനകം മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, കരുവേലിപ്പടി ഭാഗങ്ങളിലായി പത്തിലേറെ ഇരുചക്രവാഹന യാത്രക്കാരാണ് തെരുവ്നായ ശല്ല്യം മൂലം അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവ്നായ ശല്യം ഇല്ലാതാക്കുവാനും നിയന്ത്രിക്കുവാനും കൊച്ചിന് കോര്പ്പറേഷന് അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ സ്വയരക്ഷയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ തയ്യാറാകുകയാണ് റെസിഡന്റ്സ് അസോസിയേഷനുകളില്‍ ചിലര്‍. മറ്റു ചിലരാകട്ടെ കോര്‍പ്പറേഷനെതിരെ സമരപരിപാടികളും ആസൂത്രണം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: