ഇസ്ലാമിക തീവ്രവാദികളുടെ ഒരുകാലത്തെ മുദ്രാവാക്യം കേരളം കാശ്മീരാക്കും എന്നായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സൃഷ്ടിയായ സിമിയും പിന്നീട് മദനിയുടെ ഐഎസ്എസും ഈ മുദ്രാവാക്യം ഉറക്കെ വിളിച്ചവരായിരുന്നു. “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” മാത്രമെന്ന് കേരളമാകെ സിമി ചുവരെഴുത്ത് നടത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് നിസ്സംഗത പ്രകടിപ്പിക്കുകയായിരുന്നു. മാത്രമല്ല അതിലൊരു കുഴപ്പവുമില്ലെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. അങ്ങിനെയെങ്കില്‍ ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ’ എന്ന മറുമുദ്രാവാക്യമുയര്ന്നപ്പോഴാണ് ഭരണകൂടം കണ്ണുതുറന്നത്. അതിനുശേഷം സംഭവങ്ങള്‍ നിരവധിയായി. ഒടുവില്‍ സിമിയും ഐഎസ്എസും നിരോധിക്കപ്പെട്ടു. നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടുപോയിട്ടില്ല. മദനി ഐഎസ്എസിന് പകരം പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിച്ച് രംഗത്തിറങ്ങി. പിഡിപി എന്ന ആ കക്ഷിയുടെ സ്വാഭാവം ഐഎസ്എസിന്റെ തനിപകര്പ്പെന്നു കണ്ടതാണ്. അതിന്റെ പരിണിതഫലമാണല്ലൊ അബ്ദുള്‍ നാസര്‍ മദനിക്ക് തടവില്‍ കഴിയേണ്ടിവന്നിരിക്കുന്നത്.
രാജ്യത്താകമാനുമുള്ള മതതീവ്രവാദ പ്രവര്‍ത്തനത്തിന്റെ പ്രഭവകേന്ദ്രമാണ് കേരളമെന്ന് നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഇന്ത്യയില്‍ എവിടെ ഭീകരാക്രമണമുണ്ടായാലും അതിലൊരു കണ്ണി കേരളത്തിലാകും. പല സ്ഫോടന കേസുകളിലും പിടിക്കപ്പെട്ട പ്രതികള്‍ മലയാളികളാണല്ലൊ.
ഇന്ത്യയ്ക്കെതിരെ ജിഹാദ് നടത്താന്‍ പരിശീലനം നേടി കാശ്മീരില്‍ ചെന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. തുടര്‍ന്ന് നിരവധി പേര് പിടിയിലായി. അതിനെക്കാളധികം തീവ്രവാദികള്‍ തടിതപ്പി മുങ്ങിനടക്കുന്നു. ഏറ്റവും ഒടുവില്‍ കേരള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറഞ്ഞ വിവരങ്ങള്‍ ആരെയും ഭീതിപ്പെടുത്തുന്നതാണ്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ മറ്റുചില സംഘടനകളിലൂടെ സിമിയുടെ ആശയങ്ങളും ഉദ്ദേശ്യങ്ങളും പ്രചരിപ്പിക്കുന്നതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിമിയുടെ പ്രവര്‍ത്തനം നിരോധിച്ചതിനാല്‍ ആ സംഘടനയുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തനമില്ല. മുന്‍ സിമി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം സസൂക്ഷ്മം വീക്ഷിക്കുകയാണ്. വേഷം മാറി പലവിധത്തില്‍ സിമി പ്രവര്‍ത്തിക്കുന്നു. സിമിയുടെ നിരോധനം തുടരണമെന്ന് തിരുവനന്തപുരത്ത് കേന്ദ്ര ട്രിബ്യൂണല്‍ സിറ്റിംഗ് നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സദാചാര പോലീസെന്ന പേരില്‍ സിമിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നതായി തെളിവില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
സദാചാര പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ്. ഇതിനെ ശക്തമായി നേരിടും. സിമി വാഗമണില്‍ ക്യാമ്പു നടത്തിയ കേസടക്കം ഏഴു കേസുകള്‍ എന്‍ ഐ എക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിക്കുകയുണ്ടായി. ഭീകരവാദ സംഘടനകള്‍ അഞ്ചെണ്ണം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരം സംഘടനകള്‍ പത്രം പോലും നടത്തുന്നതായി കേന്ദ്രആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സംഘടനകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പുറത്തു പറയാവുന്നതും പറയാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ ന്യായം. പുറത്തുപറയാവുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയനും നിര്‍ദേശിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ ഐ എ നോക്കികൊള്ളുമെന്നും മന്ത്രി പറഞ്ഞെങ്കിലും കേരളം ശുഷ്കാന്തിയോടെ ഇതിനെയൊക്കെ നിരീക്ഷിക്കുന്നുണ്ടോ, നിയന്ത്രിക്കാന്‍ സംവിധാനമുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഭരണം ഇടതിന്റേതായാലും വലതിന്റേതായാലും തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണിതിന് പിന്നിലെന്ന് വ്യക്തം. എന്തുതന്നെ പറഞ്ഞാലും കേരളത്തിന്റെ അവസ്ഥ അഗ്നിപര്വതത്തിന്റേതായിത്തീര്ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ അതീവ ജാഗ്രതപുലര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറാകുകയും തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: